KeralaNEWS

‘സച്ചിദാനന്ദൻ കണ്ണടച്ചു പാലു കുടിക്കുന്നു’: കേരള സാഹിത്യ അക്കാദമിയുടെ കവിതാ പുരസ്കാരം എൻ.ജി ഉണ്ണികൃഷ്ണന് നൽകിയതിനു പിന്നിലെ തിരിമറികളെക്കുറിച്ച് യുവകവി കെ.സജീവ് കുമാർ തുറന്നടിക്കുന്നു

കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ കവിതാ പുരസ്കാരം എൻ.ജി ഉണ്ണികൃഷ്ണനായിരിക്കും എന്ന് രണ്ടു മാസം മുൻപ് അറിഞ്ഞിരുന്ന കാര്യം സൂചിപ്പിച്ചു കൊണ്ട് ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. അക്കാദമി അവാർഡു കിട്ടുക എന്നത് ജീവിതത്തിൻ്റെ മോക്ഷപ്രാപ്തിയായി കരുതുന്ന, അതിനുവേണ്ടി എന്തുമാത്രം വിധേയത്വം സ്വീകരിക്കാനും തയ്യാറായി നിൽക്കുന്ന ചെറുപ്പക്കാരായ ചില കവികളുടെ നേർക്ക് അല്പം പരിഹാസം നിറഞ്ഞ സഹതാപം പ്രകടിപ്പിക്കുക മാത്രമായിരുന്നു എൻ്റെ പോസ്റ്റിൻ്റെ ലക്ഷ്യം. എൻ്റെ പരിഹാസം അക്കാദമി പ്രസിഡൻ്റായ സച്ചിദാനന്ദൻ മാഷിൽ ചെന്ന് തറയ്ക്കുന്നതും അദ്ദേഹം ക്ഷുഭിതനായി അതിനെതിരെ പ്രതികരിക്കുന്നതും സ്വാഭാവികം തന്നെ. അതു കൊണ്ടാണ് ഞാൻ പറയുന്നത് പച്ചക്കള്ളമാണെന്നും വെറും ഊഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞത്.

അക്കാദമി അവാർഡ് ആർക്കു കിട്ടിയാലും എനിക്കു യാതൊരു വിഷമവുമില്ല. പ്രതിഷേധവുമില്ല. കാരണം ഒരുകാലത്തും അക്കാദമി അവാർഡിനോട് എനിക്ക് യാതൊരു മമതയും ബഹുമാനവും തോന്നിയിട്ടില്ല. പക്ഷേ, അതിനകത്തു നടക്കുന്ന അവാർഡ് കളികളെക്കുറിച്ച് പറയാതിരിക്കാനും കഴിയില്ല. എല്ലാക്കാലത്തും അത് ഇഷ്ടക്കാർക്ക് സംഘടിപ്പിച്ചു കൊടുക്കുന്ന ഒന്നായി മാത്രമേ തോന്നിയിട്ടുള്ളു.എൻ.ജി. ഉണ്ണികൃഷ്ണൻ അതിന് അർഹനാണോ അല്ലയോ എന്നതും എൻ്റെ വിഷയമായിരുന്നില്ല.
വർഷങ്ങൾക്കു മുൻപ് കേശവദേവ് പറഞ്ഞതാണ് ഓർമ്മ വരുന്നത്:
“നോബൽ സമ്മാനം കിട്ടില്ല; കിട്ടിയാലൊട്ട് സ്വീകരിക്കുകയുമില്ല.”

Signature-ad

വളരെ കർശനമാണ് അക്കാദമിയുടെ പുരസ്കാര നിർണയ രീതി എന്ന സച്ചിദാനന്ദൻ മാഷിൻ്റെ അഭിപ്രായം തന്നെ യാതൊരു അടിത്തറയുമില്ലാത്തതാണ്. പ്രശ്നം ഷോർട്ട് ലിസ്റ്റ് ചെയ്യുന്നിടത്ത് തുടങ്ങുന്നു. അയച്ചു കിട്ടുന്ന നൂറോ ഇരുനൂറോ അല്ലെങ്കിൽ എത്രയെങ്കിലുമോ പുസ്തകങ്ങൾ മുഴുവൻ വായിച്ചു നോക്കിയിട്ടാണോ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്? അങ്ങനെ ഏല്പിക്കപ്പെടുന്നവർ കൃത്യമായി കവിത വായിക്കുന്നവരും അത് വിലയിരുത്താൻ ശേഷിയുള്ളവരുമാണോ…?ഈ വർഷം കിട്ടിയ മുഴുവൻ പുസ്തകങ്ങളും വായിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യാൻ ഏല്പിച്ച ആ ഏഴു പേർ ആരെല്ലാമാണ്? അത് മറച്ച് വയ്ക്കേണ്ട കാര്യമില്ല. കാരണം ഇവിടെ വിവരാവകാശ നിയമം നിലനിൽക്കുന്നുണ്ടല്ലോ. ഇവർ ഷോർട്ട് ലിസ്റ്റ് ചെയ്ത പുസ്തകങ്ങൾ വായിച്ചു നോക്കിയിരുന്നോ, അതോ ഇഷ്ടക്കാരുടെ പുസ്തകങ്ങളാണോ അവർ ഷോർട്ട് ലിസ്റ്റ് …? അതോ അവാർഡ് കൊടുക്കാൻ ആഗ്രഹിക്കുന്ന ആളിൻ്റെ പുസ്തകവും ആ പുസ്തകത്തെ മറികടക്കാൻ ശേഷിയില്ലെന്ന് തോന്നുന്ന പുസ്തകങ്ങളുമാണോ തെരഞ്ഞെടുത്തിരിക്കുന്നത്…? ഇതൊക്കെ ഉറപ്പുവരുത്താൻ അക്കാദമിക്കു കഴിഞ്ഞിട്ടുണ്ടോ? പുസ്തകങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞശേഷം ജൂറിയംഗങ്ങൾ നൽകുന്ന മാർക്കിനെക്കുറിച്ചും അവാർഡ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും മാത്രമാണ് സച്ചിമാഷ് പറയുന്നത്. പ്രശ്നം തുടങ്ങുന്നതു തന്നെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നിടത്തു നിന്നാണ്.
ജൂറിയുടെ കവറുകൾ തുറക്കുമ്പോൾ മാത്രമാണ് സച്ചിമാഷ് അറിയുന്നത് എന്നു പറയുന്നത് സത്യമായിരിക്കാം. അങ്ങനെയാണെങ്കിൽ മാഷറിയാതെയാണ് അവിടെ കാര്യങ്ങൾ നടക്കുന്നതെന്ന് പറയേണ്ടി വരും. ഈ വർഷത്തെ അവാർഡിന് കൃതികൾ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ വന്നതിനു തൊട്ടുപിന്നാലെ തന്നെ ഇത്തവണത്തെ കവിതാപുരസ്കാരം എൻ.ജി ഉണ്ണികൃഷ്ണനോ കല്പറ്റ നാരായണനോ ആയിരിക്കുമെന്നാണ് ഞാൻ അറിഞ്ഞത്. അത് നൂറു ശതമാനം സത്യമാണ്. അതിൻ്റെ കാരണവും അവർ വിശദീകരിച്ചു. കല്പറ്റയ്ക്കും എൻ.ജി.ഉണ്ണികൃഷ്ണനും പ്രായമായെന്നും ഇപ്പോൾ കിട്ടിയില്ലെങ്കിൽ അവർക്ക് ഇനി കിട്ടാനുള്ള സാധ്യതയേ ഇല്ലെന്നും അതിനാൽ അവരെ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ അവാർഡ് കൃതികൾ ക്ഷണിക്കേണ്ടതില്ലല്ലോ.
പറഞ്ഞതാകട്ടെ സച്ചി മാഷിൻ്റെ ഏറ്റവും വലിയ അടുപ്പക്കാരെന്ന് വിശ്വസിക്കുന്നവരും. അങ്ങനെ വിശ്വസിക്കാൻ കാരണവുമുണ്ട്. തൊണ്ണൂറുകൾക്കു ശേഷം വന്ന പുതു കവിതയുടെ വക്താക്കളായി മാഷ് പല തവണ എഴുതുകയും പ്രസംഗിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്തിട്ടുള്ളത് ഇവരെ മാത്രമാണ്. ഈ വർഷം നടന്ന സാഹിത്യ അക്കാദമിയുടെ ശില്പശാലയിൽ പോലും മാഷ് അവരെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതു കൊണ്ടാണ് അവർ മാഷിൻ്റെ ഇഷ്ടക്കാരാണെന്ന് പറയുന്നത്. എന്നോട് പറഞ്ഞവരെ വിഷമിപ്പിക്കാൻ താല്പര്യമില്ലാത്തതു കൊണ്ടും സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളായതുകൊണ്ടും പേര് വെളിപ്പെടുത്താൻ താല്പര്യമില്ല എന്നേ ഉള്ളൂ. അവർ പറയുമ്പോൾ അത് വിശ്വസനീയമായിരിക്കണമല്ലോ. എങ്കിലും അവാർഡ് പ്രഖ്യാപനം വരെ അവരിൽ ആർക്കെങ്കിലുമായിരിക്കുമോ അവാർഡ് എന്നറിയാൻ കൗതുകത്തോടെ ഞാൻ കാത്തിരുന്നു. അവർ പറഞ്ഞതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഈ വിവരം എൻ്റെ സുഹൃത്തുക്കളായ മറ്റു ചില കവികളോടും ഞാൻ സൂചിപ്പിച്ചു. അവരും ഇതറിഞ്ഞിരുന്നു എന്നാണ് പറഞ്ഞത്. ഇതെല്ലാം വെറും യാദൃച്ഛികതകളല്ലല്ലോ. അങ്ങനെ വരുമ്പോൾ ഈ അവാർഡ് മുൻകൂട്ടി തീരുമാനിക്കപ്പെട്ടതായിരുന്നു എന്നതല്ലേ വാസ്തവം?അപ്പോൾ മാഷ് പറയുന്ന സുതാര്യത എവിടെയാണ്…?
സംഭവം ഇതാണ്: ആദ്യം അവാർഡ് ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നു. പിന്നീട് അതനുസരിച്ച് സ്ക്രീനിംഗ് നടത്തുന്നു. എന്നിട്ട് കാര്യങ്ങൾ സുതാര്യമാണെന്ന് പറയുന്നു. പുറമേ നിന്നു നോക്കുമ്പോൾ കാര്യങ്ങൾ കിറുകൃത്യം. ഇതല്ലേ സംഭവിച്ചത്…?

Back to top button
error: