പെൺകുട്ടിക്ക് സ്മാര്‍ട്ട്ഫോൺ വില്ലനായപ്പോൾ
സഹോദരങ്ങളുടെ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ സ്മാര്‍ട്ട് ഫോണാണ് എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് വഴിയൊരുക്കിയത്. സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാതിരുന്ന പെണ്‍കുട്ടിക്ക് അവിചാരിതമായി സ്മാര്‍ട്ട് ഫോണ്‍ കൈയ്യില്‍ കിട്ടിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. പുതിയ ഫോണിലൂടെ പെണ്‍കുട്ടി വാട്സാപ്പിലും, ഫെയ്സ് ബുക്കിലും സജീവമായി. പക്ഷേ അത് തന്റെ കഴുത്തില്‍ മുറുകുന്ന പാമ്പാണെന്ന് പാവം തിരിച്ചറിഞ്ഞിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെയാണ് കേസിലെ പ്രതിയായ എടവനക്കാട് സ്വദേശിഗോകുലുമായി പെണ്‍കുട്ടി പരിചയപ്പെടുന്നു. ആദ്യമൊക്കെ സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വാട്സപ്പ് ചാറ്റിംഗ് പതിയെ ഫോണ്‍ കോളുകളായും, വീഡിയോ കോളുകളായും മാറി. നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ഗോകുലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി എറണാകുളത്തേക്ക് പോവുന്നത്.
ഇടക്കാലത്ത് ഒരു സ്വകാര്യ ബാങ്കിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്ന പെണ്‍കുട്ടി ഇതിന്റെ ഭാഗമായി തനിക്ക് ജോലിയുടെ ഇന്റര്‍വ്യു എറണാകുളത്തുണ്ടെന്ന കള്ളം പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ജോലിയൊന്നും ഇപ്പോള്‍ നോക്കണ്ട. നീ പഠിച്ചാല്‍ മതി എന്ന് പെണ്‍കുട്ടിയുടെ അച്ചന് അവളെ ശകാരിച്ചു. പക്ഷേ ഗോകുലിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പെണ്‍കുട്ടി വീട്ടുകാരോട് വഴക്കുണ്ടാക്കിയും, കരഞ്ഞുമൊക്കെയാണ് എറണാകുളത്തേക്ക് പോവാനുള്ള അനുവാദം വാങ്ങിയത്. പക്ഷേ ആ യാത്ര അവസാനിച്ചത് ആറടി മണ്ണിലേക്കായിരുന്നു.
ഇതുവരെ ഒരു മോശം കേള്‍പ്പിച്ചിട്ടില്ല പെണ്‍കുട്ടിയായിരുന്നു എന്റെ മകള്‍, ഗോകുലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവള് എറണാകുളത്തേക്ക് പോയത്. അവന് ശിക്ഷ ലഭിക്കാന്‍ താന്‍ ഏതറ്റം വരെയും പോവും- പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ ജീവിച്ചിരുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു പെണ്‍കുട്ടി. സര്‍ക്കാരില്‍ നിന്നും ലഭിച്ച സഹായത്തില്‍ വീട് പണി തുടങ്ങിയെങ്കിലും കൊറോണ വന്നതോടെ അതും മുടങ്ങിയ അവസ്ഥയിലായിരുന്നു. വീടിനോട് ചേര്‍ന്ന ചെറിയ കുടിലിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ നരഹത്യയ്ക്കാണ് പോലാസീ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ആ കൂടെ എസ്.ടി/എസ്.സി വകുപ്പുകള്‍ കൂടി ചുമത്തണമെന്ന അഭിപ്രായത്തിലാണ് നാട്ടുകാര്‍. ഇതിനെതിരെ മുഖ്യമന്ത്രിക്കും, പട്ടികജാതി പട്ടിക വകുപ്പ് മന്ത്രിക്കും പരാതി നല്കുമെന്നറിയിച്ചു. പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പിതാവിനൊപ്പം നില്‍ക്കുമെന്നും വേണ്ടി വന്നാല്‍ ആക്ഷന്്# കൗണ്‍സില്‍ രൂപീകരിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു.
കഴിഞ്ഞ മാസം 12 തീയതിയാണ് പെണ്‍കുട്ടി എറണാകുളത്ത് എത്തുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഗോകുലിനെ കാണാന്‍ മുറിയിലെത്തിയ പെണ്‍കുട്ടിയുമായി അയാള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും, തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായി പെണ്‍കുട്ടി മരണപ്പെടുകയുമായിരുന്നുവെന്ന് ഗോകുല്‍ പോലീസിനോട് പറഞ്ഞു. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണകാരണമായി കരുതുന്നു. പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും മുങ്ങിയ ഗോകുലിനെ പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.ഗോകുലിനെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ വിട്ടിരിക്കുകയാണ്. പോസ്കോ കേസിലടക്കം ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഗോകുല്‍.