CrimeNEWS

കാസര്‍കോട് ബദിയടുക്കയിലെ തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സീതാംഗോളി സ്വദേശി തോമസ് ക്രാസ്റ്റ(63)യെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി മുനീര്‍ (39), മുനീറിന്റെ ഭാര്യയുടെ ബന്ധു അഷ്‌റഫ് (39) എന്നിവരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന, ഡിവൈ.എസ്.പി പി.കെ സുധാകരന്‍, വിദ്യാനഗര്‍ സി.ഐ പി പ്രമോദ്, ബദിയടുക്ക എസ്.ഐ വിനോദ് കുമാര്‍ എന്നിവ് അറിയിച്ചു.

അഷ്‌റഫിനെ ചിക്കമംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. തോമസ് ക്രാസ്റ്റ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണം കവരാന്‍ വേണ്ടിയാണ് കൊലപാതകമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തോമസ് ക്രാസ്റ്റയുടെ മൃതദേഹം വീട്ടില്‍ നിന്നും അല്‍പ്പം മാറി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡിന് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് കണ്ടെത്തിയത്. ചാക്കില്‍ കെട്ടി സെപ്റ്റിക്ക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു മൃതദേഹം. തലയിലും കൈയിലും കാലിലും മാരകമായി പരിക്കേറ്റതായി പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.
നാല് ദിവസമായി തോമസ് ക്രാസ്റ്റയെ കാണാനില്ലായിരുന്നു. പ്രദേശവാസികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സെപ്റ്റിക്ക് ടാങ്കിന്റെ സ്ലാബ് ഇളകിയ നിലയിലും അകത്ത് ചാക്ക് കെട്ടിലാക്കി മൃതദേഹവും കണ്ടെത്തിയത്.

Signature-ad

സമ്പന്നനായ തോമസ് ക്രാസ്റ്റ വീട്ടില്‍ തനിച്ചായിരുന്നു താമസം. 25 വര്‍ഷം മുമ്പ് ഭാര്യ വിവാഹ ബന്ധം വേര്‍പ്പെടുത്തി. രണ്ട് പെണ്‍ മക്കളുണ്ട്. ഇരുവരും അമ്മയുടെ കൂടെയായിരുന്നു. പിന്നീട് തനിച്ചായിരുന്നു താമസം. ചിലപ്പോഴൊക്കെ ഏതാനും സുഹൃത്തുകളും ഒപ്പമുണ്ടായിരുന്നു. ക്വാര്‍ട്ടേഴ്‌സ് ഉടമയായ തോമസ് കുഴല്‍ കിണര്‍ ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു. ആവശ്യക്കാര്‍ക്ക് വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തി നല്‍കുകയും അടക്കമുള്ള ജോലികള്‍ ചെയ്തിരുന്നു. രണ്ട് വീടുകളും രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും സ്വന്തമായുണ്ട്. തോമസ് 12 പവനോളം  സ്വര്‍ണ്ണാഭരണങ്ങൾ  സാധാരണയായി ധരിക്കാറുണ്ടായിരുന്നു. കയ്യില്‍ മോതിരവും ധരിക്കാറുണ്ട്

ദൃക്സാക്ഷികളോ മറ്റ് തെളിവുകളോ ഇല്ലാതിരുന്നതിനാല്‍ തോമസ് ക്രാസ്റ്റയുടെ ഫോണ്‍രേഖകള്‍ വെച്ചുള്ള അന്വേഷണവുമായാണ് പൊലീസ് മുന്നോട്ടുപോയത്. വീടിന് സമീപം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചും അന്വേഷിച്ചു. അതിനിടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പൊലീസിന്റെ ശ്രദ്ധയിലെത്തിയത്. ആ തുമ്പില്‍ പിടിച്ചുനടത്തിയ നീക്കമാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്.

Back to top button
error: