ന്യൂയോർക്ക്: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂ യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തു വിട്ടത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ഖാലിസ്ഥാനി സംഘടനകൾ തയ്യാറായിട്ടില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ‘സിഖ് ഫോർ ജസ്റ്റിസ്’ നേതാവായ ഗുർപത്വന്ത് സിംഗ് പന്നൂവിനെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
ഖാലിസ്ഥാൻ നേതാക്കളായ ഹർദീപ് സിങ് നിജ്ജാർ, പരംജിത് സിങ് പഞ്ച്വാർ എന്നിവരുടെ കൊലപാതകത്തിനും യു.കെയിൽ അവതാർ സിങ് ഖണ്ഡയുടെ സംശയാസ്പദമായ മരണത്തിനും ശേഷം പന്നു കുറച്ച് ദിവസങ്ങളായി ഒളിവിലായിരുന്നു. ഖാലിസ്ഥാൻ അനുകൂലികളുടെ കൊലപാതകം ഇന്ത്യ സംഘടിപ്പിക്കുന്നുവെന്ന് കാനഡയിലെ സിഖ് തീവ്രവാദികൾ ആരോപിക്കുന്നതിനിടെയാണ് ഈ സംഭവവികാസം.
ഖാലിസ്ഥാനി നേതാവ് അമൃതപാൽ സിങ്ങിന്റെ അറസ്റ്റിനു പിന്നാലെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലുടനീളം ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കു നേരേ സിഖ് തീവ്രവാദികൾ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. ചൊവ്വാഴ്ച സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ അനുകൂലികൾ തീയിട്ടതായിരുന്നു ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവം.