കൊച്ചി: സംസ്ഥാന ബിജെപിയിൽ പുന:സംഘടനയുണ്ടാകുമോ എന്ന് തനിക്കറിയില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളിധരൻ. കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും അറിയില്ല. താൻ വിദേശകാര്യ മന്ത്രി എന്ന ചുമതലയാണ് വഹിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് മുരളീധരൻ പ്രതികരിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ പ്രതികാര നടപടി പാടില്ല. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. ചോദ്യങ്ങളോട് അനിഷ്ടമുണ്ടെങ്കിൽ പ്രതികരിക്കാതിരുന്നാൽ മതിയെന്നും വി.മുരളിധരൻ പറഞ്ഞു.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തുമെന്നാണ് വിവരം. കെ സുരേന്ദ്രന് പകരം എന്ത് ചുമതല നൽകുമെന്ന് വ്യക്തമായിട്ടില്ല. കർണാടകത്തിൽ നളിൻ കുമാർ കട്ടീലിനെ മാറ്റി ശോഭാ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കിയേക്കും. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് എത്തിച്ച് കേന്ദ്രമന്ത്രിയാക്കാനും ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
നാല് സംസ്ഥാനങ്ങളിൽ ഇന്നലെ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാർക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകുകയാണ് ബിജെപി. തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. ഈ മാസം 24 ന് പത്ത് സംസ്ഥാനങ്ങളിൽ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുമ്പോൾ പകരക്കാരെ കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കും. ഈ ഘട്ടത്തിൽ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.