തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരേ കടുത്ത വിമര്‍ശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിമാരേപ്പോലെ ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രസര്‍ക്കാരിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സാനു പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആണോ ഇതെന്നത് വിരമിച്ച് കഴിഞ്ഞ് മാത്രമേ പറയാന്‍ കഴിയൂ എന്നും സാനു പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധതയുടെ, കേരള ഗവണ്‍മെന്റിനോടുള്ള വിരുദ്ധതയുടെ തിമിരം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ എല്ലാ വിധിന്യായങ്ങളിലും കാണാന്‍ കഴിയും. കുറേ കാലമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേസുകളില്‍ അദ്ദേഹമാണ് സിംഗിള്‍ ബെഞ്ചായിരുന്നത്. അതില്‍ എല്ലാ വിധികളിലും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും സാമാന്യയുക്തിക്ക് നിരക്കുന്നതായിരുന്നില്ല. അതുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിലേക്ക് പോകുമ്പോള്‍ വിധികള്‍ മാറുന്നത്.
ജഡ്ജിമാര്‍ വിരമിച്ച ശേഷം സ്ഥാനം നേടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആശയത്തോട് ചേര്‍ന്നനില്‍ക്കുക എന്ന സ്ഥിതി ജുഡീഷ്യറിയുടെ അപചയമാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രസര്‍ക്കാരിന് വിധേയമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗവര്‍ണറും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും പൊതുവായുള്ളത് ഇടതുപക്ഷ വിരുദ്ധതയും കേരളത്തിലെ ഗവണ്‍മെന്റിനോടുള്ള വിരുദ്ധതയുമാണ്. അത് പലപ്പോഴും കേരളത്തിലെ ജനങ്ങളോടുള്ള വിരുദ്ധതയായും മാറാറുണ്ട്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ഏരിയാ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ പേര് മാറ്റിയ സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ നേതാവായ പ്രിന്‍സിപ്പലിന് പങ്കുണ്ടെന്നും സാനു പറഞ്ഞു. ഈ പ്രിന്‍സിപ്പലാണ് ഏരിയാ സെക്രട്ടറിയുടെ പേര് എഴുതിക്കൊടുത്തത്. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വി.പി. സാനു പറഞ്ഞു.