ചിങ്ങം പ്രമാണിച്ച് സ്നേഹ – സൗഹൃദത്താൽ കൂട്ടായ്‌മയുടെ പ്രതീകമായി, 31 വനിതകൾ ഒന്നിച്ച ഓൺലൈൻ നൃത്തശില്പം ശ്രദ്ധേയമാവുന്നു
ചിങ്ങ പിറവി ദിനത്തിൽ മറുനാടൻ മലയാളികളും പ്രവാസി മലയാളികളുമായ മുപ്പത്തി ഒന്ന് വനിതകൾ ഓൺലൈനിലൂടെ ഒന്നിച്ചു നടത്തിയ ‘ ഓണ നൃത്ത ശില്‌പം ‘ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാവുകയാണ് . കോയമ്പത്തൂരിലെ മലയാളി അധ്യാപിക അംബികാ ബാലസുബ്രമണ്യവും പ്രവാസിയായ മകൾ അമൃതയുമാണ് നൂപുരാ ഡാൻസ് ക്‌ളാസ് കോയമ്പത്തൂരിന്റെ നേതൃത്വത്തിൽ വിവിധ ദേശത്തുള്ള നർത്തകിമാരെ ഏകോപിപ്പിച്ചു കൊണ്ട് ഈ നൃത്ത പരിപാടി അവതരിപ്പിച്ചത് .
ഈ നൃത്ത പരിപാടിയിൽ കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെയുള്ള കലാകാരികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് അംബികാ ബാലസുബ്രഹ്മണ്യം ഓൺലൈൻ നൃത്ത ശിൽപം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുത്ത പലരും യഥാവിധി നൃത്തം അഭ്യസിച്ചവരല്ലെന്നും നൃത്തത്തോടുള്ള അഭിനിവേശത്താലും പരസ്‌പര സ്നേഹ സൗഹൃദത്താലും ഒന്നിച്ച് നൃത്തം ചെയ്തതുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത . തങ്ങളാരും പ്രൊഫാഷനലുകൾ അല്ലാത്തത് കൊണ്ടുള്ള സാങ്കേതിക പിഴവുകൾക്ക് മുൻകൂർ ക്ഷമാപണം നടത്തിക്കൊണ്ടാണ് ഇവർ ഓണാക്കാഴ്ചയായി നൃത്തം സമർപ്പിക്കുന്നത് .