NEWS

പമ്പാ മണല്‍ കടത്ത് കേസ് വിജിലന്‍സ് കോടതിയില്‍: നാളെ പ്രാരംഭ വാദം

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന്  സര്‍ക്കാര്‍ അനുമതി നിഷേധിച്ച പമ്പാ മണല്‍കടത്ത് കേസ് വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. നാളെ (ആഗസ്റ്റ് 18, ചൊവ്വാഴ്ച) പ്രാരംഭ വാദം കേള്‍ക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജിലന്‍സ് കോടതിയില്‍ പമ്പാ മണല്‍ കടത്ത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അന്വേഷണക്കാര്യത്തില്‍ തീരുമാനമാകാതെ വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

2018 ലെ പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റര്‍ മണല്‍ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി എന്നതാണ് കേസ്. വനംവകുപ്പിന്റെ അധീനതയിലുള്ള മണല്‍ നീക്കം ചെയ്യുന്നതിന് ഉത്തരവിടാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. അന്വേഷണം നടത്തുന്നതിന് വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ടെങ്കിലും കോടതിക്ക് അത് ബാധകമാവില്ലെന്നാണ് ഹര്‍ജിയിലെ വാദം.

കോടികള്‍ വിലമതിക്കുന്ന മണല്‍ സൗജന്യമായി മറിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിപക്ഷമാണ് പുറത്തു കൊണ്ടു വന്നത്. വനം വകുപ്പ് ഇത് അറിഞ്ഞിരുന്നില്ല. മണല്‍ വനത്തിന് പുറത്തേക്ക് കടത്തുന്നത് വനം വകുപ്പ് തടയുകയും ചെയ്തിരുന്നു.

Back to top button
error: