KeralaNEWS

‘തല’ സ്ഥാനം മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വയ്ക്കണമെന്ന് കേരള പോലീസ്; ഹൈബി ഈഡനെ ട്രോളിയതാണെന്ന് വിമർശനം

തിരുവനന്തപുരം:തല’ സ്ഥാനം മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വയ്ക്കണമെന്ന് ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ച യുവാവിന്റെ ഫോട്ടോയ്ക്കൊപ്പം അടിക്കുറിപ്പ് ഇറക്കിയ കേരള പോലീസ് പുലിവാൽ പിടിച്ചു.
കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരള പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമായത്.ഹൈബി ഈഡനെ ട്രോളിയതാണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വിമർശനം.
ഹെല്‍മെറ്റ് കയ്യില്‍ പിടിച്ച്‌ നിയമസഭാ മന്ദിരത്തിന് മുന്നിലെ റോഡിലൂടെ ബൈക് ഓടിക്കുന്ന ഒരാളുടെ ചിത്രമാണ് പൊലീസ് പോസ്റ്റ് ചെയ്തത്. ‘തല മുഖ്യം ബിഗിലെ, ഹെല്‍മെറ്റും’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ‘തല സ്ഥാനം മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വയ്ക്കണേ’, എന്ന് എഴുതിയിരിക്കുന്നത് കാണാം.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെയാണ് പൊലീസിന്റെ പോസ്റ്റെങ്കിലും സമീപകാല രാഷ്ട്രീയ സംഭവവുമായി ഇതിനെ കൂട്ടിക്കെട്ടുകയായിരുന്നു.തലസ്ഥാന മാറ്റത്തിന് വാദിച്ച ഹൈബി ഈഡനെ ട്രോളുകയാണ് പൊലീസ് ചെയ്തെതെന്ന് പോസ്റ്റിന് താഴെ ധാരാളം സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പ്രതികരിച്ചു. ‘അവസരോചിതം’, ‘ഹെല്‍മെറ്റ് എറണാകുളത്ത് വെച്ചാല്‍ പ്രശ്‌നമുണ്ടോ സാറേ’, ‘തലക്കെട്ട് പൊളിച്ചു’ തുടങ്ങിയ കമന്റുകളും കാണാം.

Back to top button
error: