കൊട്ടാരക്കര : ഒഡീഷ സ്വദേശിയായ അതിഥിത്തൊഴിലാളി അവയ് ബീറി(30)ന്റെ കൊലപാതകത്തില്‍ സഹോദരീ ഭര്‍ത്താവ് മനോജ്കുമാര്‍ നായിക് (28) അറസ്റ്റില്‍.
വഴക്കിനെത്തുടര്‍ന്നു വീടുവിട്ടിറങ്ങിയ അവയ് ബീറിനെ തിരഞ്ഞിറങ്ങിയ മനോജ് വൃന്ദാവൻ ജങ്ഷനു സമീപം ഇയാളെ കണ്ടെത്തുകയും വാക്‌തര്‍ക്കത്തിനിടെ സിമന്റ്‌കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
ശനിയാഴ്ച രാവിലെ ഒഡീഷയിലേക്കു കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി.ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മനോജാണ് കൊലപാതകിയെന്നു പോലീസ് കണ്ടെത്തിയത്.
തൃക്കണ്ണമംഗല്‍ തട്ടത്ത് പള്ളിക്കു സമീപം വാടകവീട്ടില്‍ കഴിയുന്ന സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു ഒരുമാസമായി അവയ് ബീറും താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സഹോദരീ ഭര്‍ത്താവായ മനോജുമായി വഴക്കിട്ട അവയ് വീടുവിട്ടിറിങ്ങി. പിന്നാലെയെത്തിയ മനോജ് അവയ് ബീറിനെ സിമന്റ്കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.