കൊച്ചി: പഞ്ചായത്തിന്‍റെ ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ ജീവൻ പൊലിഞ്ഞ രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി.ജോര്‍ജിന് നാട് കണ്ണീരോടെ വിടനല്‍കി.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ടു ആറ് മണിയോടെ മൃതദേഹം രാമമംഗലത്തെത്തിയപ്പോള്‍ നൂറുകണക്കിനാളുകള്‍ തങ്ങളുടെ ഗ്രാമത്തലവനെ ഒരു നോക്കുകാണാൻ കണ്ണീരോടെ കാത്തുനിന്നിരുന്നു. തുടര്‍ന്ന് 6.30ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൃതദേഹത്തില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാത്രി ഏഴോടെ രാമമംഗലം പഞ്ചായത്ത് ഹാളിലെത്തി മൃതദേഹത്തില്‍ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് രാത്രി 8.30ന് മൃതദേഹം ഭവനാങ്കണത്തില്‍ എത്തിയപ്പോഴും നൂറുകണക്കിന് ആളുകൾ കണ്ണീരോടെ കാത്തുനിൽപ്പുണ്ടായിരുന്നു.