KeralaNEWS

എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണം ചികിത്സ തേടാൻ വൈകുന്നത് 

ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു.രോഗനിര്‍ണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോഴാണ് എലിപ്പനി സങ്കീര്‍ണമാകുന്നത്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും എലിപ്പനിയുണ്ട്. സാധാരണ വൈറല്‍ പനി പോലെയല്ല എലിപ്പനി.മറ്റു അസുഖങ്ങള്‍ ഉള്ളവരിലും പ്രായമായവരിലും അത് മാരകമായിത്തീരാം.ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച്‌ ചികിത്സിച്ച്‌ ഭേദമാക്കാവുന്ന രോഗമാണിത്.എന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്ബോള്‍ ആസ്പത്രികളില്‍ എത്തിയാൽ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നു വരാം.

എലിപ്പനി സങ്കീര്‍ണമായാല്‍ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവര്‍ത്തനം നിലയ്ക്കും. മള്‍ട്ടി ഓര്‍ഗൻ സിസ്റ്റം ഫെയിലിയര്‍ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീര്‍ണത വരുന്നത്.

കരള്‍: കരളിനെ ബാധിച്ച്‌ മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാം. വീല്‍സ് സിൻഡ്രോം എന്ന സങ്കീര്‍ണാവസ്ഥ ഉണ്ടാകുന്നു.

Signature-ad

ശ്വാസകോശം: അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും.

വൃക്കകള്‍: അക്യൂട്ട് കിഡ്നി ഇൻജ്വറി എന്ന അവസ്ഥ വന്ന് വൃക്കയ്ക്ക് പരാജയം സംഭവിക്കും. മൂത്രം കുറയും. ക്രിയാറ്റിനിൻ കൂടും.

ഹൃദയം: മയോഗാര്‍ഡൈറ്റിസ് എന്ന സങ്കീര്‍ണത വരും. ബി.പി. താഴും. ശ്വാസംമുട്ടും. ഹൃദയസ്തംഭനം ഉണ്ടാകാം.

രോഗവാഹകര്‍

പ്രധാനമായും എലി. കന്നുകാലികള്‍, പന്നി, നായ എന്നിവയും വാഹകരാവാം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങള്‍, ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗം പകരാം.

പകരുന്നത്

ശരീരത്തിലെ മുറിവുകളിലൂടെയാണ് പ്രധാനമായും രോഗാണുക്കള്‍ പ്രവേശിക്കുക. വായ, കണ്ണ്, മൂക്ക് എന്നിവിടങ്ങളിലെ കനം കുറഞ്ഞ ശ്ലേഷ്മസ്തരം വഴിയും പകരാം.

ലക്ഷണങ്ങള്‍

സാധാരണ വൈറല്‍ പനിയുമായി ഏറെ സാമ്യം. പനിയോടൊപ്പം അതിശക്തമായ പേശിവേദന, തലവേദന, കണ്ണില്‍ ചുവപ്പ്, ശരീരത്തില്‍ പാടുകൾ.

പ്രതിരോധിക്കാൻ

മലിനജലവുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുക. തൊഴിലാളികള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഡോക്സിസൈക്ലിൻ പ്രതിരോധമരുന്നായി അധികൃതരുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം.

Back to top button
error: