കോഴിക്കോട്: വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ സിപിഎം നേതാക്കൾ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യ എവിടെയാണ് താമസിച്ചതെന്ന് അറിയില്ല. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും കുഞ്ഞഹമ്മദ് വ്യക്തമാക്കി. വിദ്യ ഒളിവിൽ കഴിഞ്ഞത് സിപിഎം നേതാക്കളുടെ വീട്ടിലാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞഹമ്മദ് വിശദീകരണം നൽകിയത്.
‘അവർ തെറ്റ് ചെയ്തങ്കിൽ പൊലീസ് പിടിക്കട്ടെ. അക്കാര്യം വ്യക്തമാക്കേണ്ടത് പോലീസ് ആണ്. പൊലീസ് അന്വേഷിച്ച് കണ്ടെത്തണം. തൻ്റെ പേരുൾപ്പെടെ ലീഗ്, യുഡിഎഫ് നേതാക്കൾ പറയുന്നു. ഒരു ബന്ധവും ഇക്കാര്യത്തിൽ ഇല്ല. ഒളിച്ചു താമസിച്ചു എന്നത് വ്യക്തമാണ്. പാർട്ടിയും ഇക്കാര്യം അന്വേഷിക്കും. ആവളയിലെ പാർട്ടി അംഗങ്ങൾ ആരും ഇക്കാര്യവും ആയി ഒരു ബന്ധവും ഇല്ലാത്തവരാണ്. പാർട്ടി അനുഭാവികളുടെ വീട്ടിൽ പോയിട്ടുണ്ടോ എന്ന് അറിയില്ല. ഒളിവിൽ പോകുന്നത് വലിയ സംഭവം ഒന്നും അല്ല. ഇത് ഒരു വലിയ സംഭവം ആക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ആരുടെ വീട്ടിൽ ആണെന്ന് ഇതുവരെ പാർട്ടിക്ക് മനസ്സിലായിട്ടില്ല.’ പോലീസ് ആണ് കണ്ടെത്തേണ്ടതെന്നും എം കുഞ്ഞഹമ്മദ് വ്യക്തമാക്കി.
വിദ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വഞ്ചന നടന്നിട്ടില്ല എന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ വിദ്യ തയ്യാറായില്ലെന്നു പ്രോസീക്യൂഷൻ വ്യക്തമാക്കി. ഒളിവിൽ പോയില്ലെന്നും പ്രതിഭാഗം പറഞ്ഞു. സുഹൃത്തിന്റെ വീട്ടിൽ ഉണ്ടായിരുന്നു. പോലീസ് കണ്ടെത്തണമായിരുന്നു എന്നും നോട്ടീസ് നൽകിയാൽ ഹാജരാകുമായിരുന്നുവെന്നും പ്രതിഭാഗം അറിയിച്ചു.