KeralaNEWS

അഡ്മിഷന്‍ കാലയളവില്‍ നിരവധി പേര്‍ സമീപിക്കാറുണ്ട്, ആര്‍ക്കൊക്കെ വേണ്ടി ശുപാര്‍ശ ചെയ്തുവെന്ന് ഓര്‍ത്തിരിക്കാനാകില്ല; വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തില്‍ തന്‍റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് ബാബുജാന്‍

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ തൻറെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാൻ. അഡ്മിഷൻ കാലയളവിൽ നിരവധി പേർ സമീപിക്കാറുണ്ട്. ആർക്കൊക്കെ വേണ്ടി ശുപാർശ ചെയ്തുവെന്ന് ഓർത്തിരിക്കാനാകില്ലെന്ന് ബാബുജാൻ പ്രതികരിച്ചു.

മാനദണ്ഡങ്ങൾ പാലിച്ച് അഡ്മിഷൻ നൽകേണ്ടത് കോളജുകളാണ്. തന്നെ ബന്ധപ്പെടുത്താൻ സത്യവിരുദ്ധമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. തുല്യത സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കിയിട്ടില്ലെന്നും രണ്ടര മാസം ഇതിനായി എന്നും ബാബുജാൻ പറയുന്നു. തന്നെ നേരിട്ടറിയുന്ന എല്ലാവർക്കും തന്റെ പ്രവർത്തന രീതി അറിയാം. നിയമവിരുദ്ധ കാര്യങ്ങൾക്കോ സർവകലാശാലയ്ക്ക് പേരുദോഷം ഉണ്ടാക്കുന്ന കാര്യങ്ങൾക്കോ കൂട്ടുനിന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിജി അഡ്മിഷന് സമയം നീട്ടി നൽകിയത് ഓൺലൈൻ അഡ്മിഷൻ സമിതിയാണ്. ഓൺലൈൻ കമ്മിറ്റിയിൽ താൻ അംഗമല്ലെന്നും കെ എച്ച് ബാബുജാൻ വ്യക്തമാക്കി.

Back to top button
error: