ഉച്ചകഴിഞ്ഞ് മൂന്നിന് കായംകുളത്ത് നിന്നും പുറപ്പെട്ട് 4.02 -ന് കോട്ടയതെത്തി വൈകുന്നേരം 5:50 -ന് എറണാകുളത്ത് എത്തുന്ന സര്‍വീസ് ആര്‍ക്കും പ്രയോജനപ്രദമല്ലെന്നാണ് യാത്രക്കാരുടെ പരാതി. നിലവില്‍ വൈകുന്നേരം 5.20നുള്ള എറണാകുളം പാസഞ്ചര്‍ ട്രെയിൻ പോയാല്‍ പിന്നീട് എറണാകുളം ഭാഗത്തേക്ക് പാസഞ്ചര്‍ വണ്ടികളില്ല. നേരത്തെ ഉച്ചയ്ക്ക് 12.20 -നാണ് 56387 കായംകുളം പാസഞ്ചര്‍ എറണാകുളത്ത് നിന്നും സര്‍വിസ് ആരംഭിച്ചിരുന്നത്. അതിപ്പോള്‍ 16309 മെമു ആയി രാവിലെ 8.45 -ന് എറണാകുളത്തുനിന്നും പുറപ്പെട്ട് 10.10 -ന് കോട്ടയതെത്തി 11.35 -ന് കായംകുളത്തെത്തും. ഈ മെമു സര്‍വീസ് കാര്യമായി സ്റ്റോപ്പുകളില്ലാതെ സര്‍വീസ് നടത്തുന്നതിനാല്‍ സൂപ്പര്‍ഫാസ്റ്റ് മെമു എന്നാണ് യാത്രക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. പഴയ പാസഞ്ചര്‍ ട്രെയിനിന്‍റെ സ്റ്റോപ്പുകളോടുകൂടി മെമുവിന്‍റെ സമയം പുനഃക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.കേരള എക്സ്പ്രസ് പോലും നിര്‍ത്തുന്ന വൈക്കം റോഡ്, മാവേലിക്കര എന്നീ സ്റ്റേഷനുകളിലും തൃപ്പൂണിത്തുറയിലും ഈ മെമുവിന് സ്റ്റോപ്പില്ല.
കോട്ടയം ജില്ലയിലെതന്നെ ഏറ്റവും വലിയ ഐലന്‍ഡ് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനാണ് വൈക്കം റോഡിലേത്. ഇരട്ടപ്പാത പൂര്‍ത്തിയാകുമ്ബോഴെങ്കിലും ഇവിടെ കൂടുതൽ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. അരനൂറ്റാണ്ടായി വൈക്കം, കടുത്തുരുത്തി, പാലാ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ കാത്തിരിപ്പാണ് വേണാട്, വഞ്ചിനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് വേണമെന്നത്. പകല്‍ മാത്രം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍ ക്ലാസ് പോലുമില്ലാത്ത ഈ ട്രെയിനുകള്‍ക്ക് വൈക്കത്തെക്കാളും പ്രാധാന്യം കുറഞ്ഞ നിരവധി സ്റ്റേഷനുകളില്‍ വരെ സ്റ്റോപ്പുണ്ട്.