തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിൻറെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കലിംഗ സർവകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, നിഖിൽ തോമസിനെതിരെ കണ്ടത്താൻ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം. തിങ്കളാഴ്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ കാണാൻ തിരുവനന്തപുരത്തേക്ക് ഒപ്പം പോയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടയുള്ള നിഖിലിൻറെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. അഡ്മിഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിൽ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പ് വരുത്താൻ ചുമതലപ്പെട്ട എംഎസ്എം കോളേജിലെ കോമേഴ്സ് വകുപ്പ് മേധാവി അടക്കമുള്ള അധ്യാപകരുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുന്നുണ്ട്.
നിഖിലിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരുവനന്തപുരത്താണ് അവസാനം ലോക്കേഷൻ കാണിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എസ്എഫ്ഐ നേതാക്കളെ കണ്ട് തൊട്ടുപിന്നാലെ നിഖിൽ മുങ്ങിയത് സംഘടനയേയും വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിഖിലിൻ്റെ പാർട്ടിയുമായി ബന്ധപ്പെട്ട അടുത്ത സുഹൃത്തുക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. ഒളിത്താവളം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിൽ ഏറ്റവും പ്രധാനം ആർഷോയെ കാണാൻ തിരുവനന്തപുരത്തേക്ക് ഒപ്പം പോയ ഡി വൈ എഫ് ഐ യുടെ കായംകുളത്തെ പ്രാദേശിക നേതാവ് ആണ്. ഇദ്ദേഹത്തെ പുലർച്ചെ 5ന് പൊലീസ് വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയിരുന്നു.