17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത് മുഖം പൊള്ളി!!! മുബൈയിലെ അന്ധേരിയിലെ സലൂണിനെതിരെ കേസുമായി ഇരുപത്തിമൂന്നുകാരി യുവതി
സൗന്ദര്യവർധക വസ്തുക്കളുപയോഗിക്കുമ്പോഴോ, മേക്കപ്പ് സാധനങ്ങളുപയോഗിക്കുമ്പോഴോ എല്ലാം നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും സ്കിൻ ടൈപ്പിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങളല്ല ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായും അത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ദോഷവും ഉണ്ടാക്കാം.
പ്രത്യേകിച്ച് ചില സൗന്ദര്യവർധക ഉത്പന്നങ്ങളോട് ചില സ്കിൻ ടൈപ്പുള്ളവർക്ക് അലർജിയുണ്ടാകാം. ഇതാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. വളരെ ഗൗരവമായ രീതിയിൽ തന്നെ ഇത്തരത്തിൽ ബ്യൂട്ടി കെയർ ഉത്പന്നങ്ങൾ ചർമ്മത്തെ ബാധിക്കാം. സമാനമായൊരു സംഭവമാണിപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. മുബൈയിലെ അന്ധേരിയിൽ ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഒരു യുവതിയുടെ മുഖത്ത് പൊള്ളലേറ്റിരിക്കുകയാണ്. ഇരുപത്തിമൂന്നുകാരിയായ യുവതിക്കാണ് വലിയ വില നൽകി ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്.
17,000 രൂപയ്ക്കാണ് യുവതി ഫേഷ്യൽ അടക്കമുള്ള പ്രൊസീജ്യറുകൾ ചെയ്തത്രേ. ജൂൺ 17നാണ് സംഭവം. ഫേഷ്യൽ തുടങ്ങി ആദ്യഘട്ടത്തിൽ തന്നെ ചെറിയ അസ്വസ്ഥത തോന്നുന്നതായി യുവതി ഇത് ചെയ്യുന്നവരെ അറിയിച്ചിരുന്നു. എന്നാൽ ചിലർക്ക് ചില ഉത്പന്നങ്ങൾ ചെറിയ അസ്വസ്ഥതയുണ്ടാക്കുമെന്നും അത് സാധാരണമാണെന്നും കുറച്ച് സമയം കൂടി കാത്താൽ സുഖമാകുമെന്നും ഇവർ യുവതിയെ ധരിപ്പിച്ചു. ചിലർക്ക് ഒന്നോ രണ്ടോ ദിവസങ്ങൾ ഈ അസ്വസ്ഥതയുണ്ടാകുമെന്നും അതിൽ പേടിക്കാനില്ലെന്നും ഇവരറിയിച്ചു.
എന്നാൽ സമയം വൈകുംതോറും യുവതിയുടെ മുഖത്ത് പൊള്ളൽ രൂക്ഷമായി വന്നു. ഇതോടെ യുവതിയും കൂടെ വന്നവരും സലൂണിലുള്ളവരും തമ്മിൽ വാക്കേറ്റമായി. ബഹളം കേട്ട് പുറത്ത് പട്രോളിംഗിലായിരുന്ന പൊലീസുകാർ സലൂണിലേക്ക് കയറി കാര്യമന്വേഷിച്ചു. യുവതിയും കൂടെ വന്നവരും പൊലീസുകാരോട് കാര്യം പറഞ്ഞു. എന്നാൽ സലൂണുകാർ ഇത് അംഗീകരിച്ചില്ല. തിരികെ വീട്ടിലേക്ക് മടങ്ങിയ യുവതി പിറ്റേന്ന് രാവിലെയോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. അപ്പോഴേക്ക് മുഖത്ത് ആകെ പൊള്ളിയതിൻറെ പാടുകൾ പടർന്നിരുന്നു. പരിശോധനയിൽ പൊള്ളൽ അൽപം സാരമുള്ളത് തന്നെയാണെന്നും പാടുകൾ പോകാൻ സാധ്യതയില്ലെന്നുമാണത്രേ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
നിലവാരമില്ലാത്തതോ കാലാവധി കഴിഞ്ഞതോ ആയ ഉത്പന്നങ്ങൾ ഉപയോഗിച്ചതോ, വിവിധ ഉത്പന്നങ്ങൾ മിക്സ് ചെയ്യുമ്പോൾ കൃത്യമല്ലാത്ത അനുപാതത്തിലായതോ ആകാം യുവതിയുടെ മുഖത്ത് പൊള്ളലേൽക്കാൻ കാരണമായത് എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എന്തായാലും സംഭവത്തിൽ സലൂണിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യുവതിയുടെയും വീട്ടുകാരുടെയും തീരുമാനം. ഇതനുസരിച്ച് സലൂണ്‍ ഉടമയ്ക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.