തൃശ്ശൂർ: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ജയിലിൽ നിന്ന് സുധാകരനെ മോൻസൻ വിളിച്ചിട്ടില്ലെന്നും പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഡിവൈഎസ്പി റസ്റ്റം പറഞ്ഞു. കെ സുധാകരൻറെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൻ ആരോപിച്ചിരുന്നു.
പോക്‌സോ കേസിൽ മോൻസനെ ഭീഷണിപ്പെടുത്തിയിരുന്നില്ല. പോക്‌സോ കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് ഡിവൈഎസ്പി ചോദിച്ചു. പൊലീസിനെ രാഷ്ട്രീയതിലേക്ക് വലിച്ചിഴക്കരുത്. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത് ശരിയായില്ലെന്നും ജയിലിൽ നിന്ന് സുധാകരനെ മോൻസൻ വിളിച്ചിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. മകനെയും അഭിഭാഷകനെയും മാത്രമാണ് മോൻസൻ വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. വിയ്യൂർ അതിസുരക്ഷാ ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റുസ്റ്റത്തിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മോൻസനെ ചോദ്യം ചെയ്തത്. കേസിൽ കെ സുധാകരനെയും ഐജി ജി. ലക്ഷ്മണയെയും മുൻ ഐജി എസ് സുരേന്ദ്രനെയും പ്രതി ചേർത്ത സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.
പുരാവസ്തു ഇടപാടുമായി കെ സുധാകരന് ഒരു പങ്കുമില്ലെന്നാണ് മോൻസൺ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. എന്നാൽ കെ സുധാകരനെതിരെ ഉറച്ച് നിൽക്കുകയാണ് പരാതിക്കാർ. സുധാകരൻറെ വിശ്വസ്തൻ എബിൻ മോൻസണിൽ നിന്നും മാസപ്പടി വാങ്ങിയിരുന്നു. ഇതിൻറെ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കെ സുധാകരൻ മാവുങ്കലിൻറെ സഹായിയിൽ നിന്നും പണം വാങ്ങുമ്പോഴും എബിൻ അവിടെയുണ്ടായിരുന്നു എന്ന് പരാതിക്കാരൻ ഷെമീറിൻറെ മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത തേടുകയാണ് ക്രൈംബ്രാഞ്ച് സംഘം.