തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎസ്ആർടിസി അറിയിച്ചു. ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.
കെഎസ്ആർടിസിയുടെ കുറിപ്പ്: ”കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നവീന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതികൾ കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിലും വൈവിധ്യ വൽക്കരണത്തിലും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാൻ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആർടിസി. കേരളത്തിൽ എമ്പാടും സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കൊറിയർ & ലോജിസ്റ്റിക്സ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊറിയർ/പാർസൽ കൈമാറുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.”
”ജൂൺ 15 രാവിലെ 11.00 മണിക്ക് കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അങ്കണത്തിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. നഗരസഭ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത നിർവഹിക്കും. ചടങ്ങിൽ ട്രേഡ് യൂണിയൻ ഉദ്യോഗസ്ഥ പ്രതിനിധികൾ ആശംസ അർപ്പിച്ച് സംസാരിക്കുന്നതാണ്. കെ.എസ്.ആർ.ടി.സിക്ക് ഒരു പുതിയ നാഴികകല്ലാകുന്ന ഉത്ഘാടന ചടങ്ങ് കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.”