CrimeNEWS

കുവൈത്തില്‍ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ രണ്ട് സ്‍ത്രീകള്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ സ്ഥലത്ത് മദ്യം നിർമിച്ച് വിൽപന നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായി. ഇവരിൽ രണ്ട് പേർ സ്‍ത്രീകളാണ്. കഴിഞ്ഞ ദിവസം അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. വൻ മദ്യശേഖരവും ഇവിടെ നിന്ന് കണ്ടെടുത്തു.

ഉമ്മുൽ ഹൈമാൻ ഏരിയയിലാണ് വൻ സന്നാഹങ്ങളുമായി മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രാജ്യത്ത് അടുത്തിടെ കണ്ടെത്തിയ ഏറ്റവും വലിയ അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഒരു പ്ലാസ്റ്റിക് കവറുമായി നിൽക്കുകയായിരുന്ന ഒരു പ്രവാസിയെയാണ് പൊലീസ് പട്രോൾ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. കവർ പരിശോധിച്ചപ്പോൾ രണ്ട് കുപ്പി മദ്യമായിരുന്നു ഇയാളുടെ കൈയിലുണ്ടായിരുന്നത്.

Signature-ad

ചോദ്യം ചെയ്യലിൽ ഇയാൾ മദ്യ വിൽപന നടത്തിയ കാര്യം ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മറ്റ് ഏതാനും പേരോടൊപ്പം താൻ താമസിക്കുന്ന സ്ഥലത്തു തന്നെയാണ് മദ്യം നിർമിക്കുന്നതെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതോടെ കൂടുതൽ പൊലീസ് സംഘത്തിന്റെ സഹായത്തോടെ ഇവിടെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു. ഈ വീട്ടിലുണ്ടായിരുന്ന രണ്ട് സ‍്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്‍തു.

വീട് പരിശോധിച്ചപ്പോൾ മദ്യ നിർമാണത്തിനാവശ്യമായ 192 ബാരൽ അസംസ്‍കൃത വസ്‍തുക്കൾ ഇവിടെ നിന്ന് കണ്ടെടുത്തു. നിർമാണം പൂർത്തിയാക്കി വിൽപനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 492 ബോട്ടിൽ മദ്യവും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികളെല്ലാവരും കുറ്റം സമ്മതിക്കുകയും ചെയ്‍തു. തുടർ നടപടികൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Back to top button
error: