കുറ്റ്യാടി കെ.ഇ.ടി പബ്ലിക്ക് സ്കൂളിന്റെ ചെങ്കല്‍ മതിലാണ് ചൊവ്വാഴ്ച രാവിലെ 10ന് മഴയില്‍ തകര്‍ന്നുവീണത്. അരികില്‍ നിര്‍ത്തിയിട്ട കാറിന്റെ മുകളിലാണ് ഏതാണ്ട് അഞ്ചു മീറ്റര്‍ ഉയരമുള്ള മതിലിന്റെ കല്ലുകളും കോണ്‍ക്രീറ്റ് ബെല്‍റ്റുകളും മറ്റും പതിച്ചത്.
കുട്ടികളുമായി എത്തിയതായിരുന്നു കാര്‍. തളീക്കര കൊടക്കല്‍ നിഹാദ്, മകൻ സമീം എന്നിവരാണ് കാറിനകത്തുണ്ടായിരുന്നത്.മൂത്ത കുട്ടിയുമായി നിഹാദിന്റെ സഹോദരി സ്കൂളിലേക്ക് കയറിയിരുന്നു. എല്‍.കെ.ജി വിദ്യാര്‍ഥിയായ സമീമിന് പനിയായതിനാല്‍ ക്ലാസില്‍ പോയില്ല.
സഹോദരി തിരിച്ചുവരുന്നതും കാത്തിരിക്കുന്നതിനിടയിലാണ് മതില് വീഴുന്നത്. കാറിന്റെ മേല്‍ക്കൂരയും വശങ്ങളും ചെരിഞ്ഞമര്‍ന്നു. വാതില്‍ തുറക്കാനായില്ല. കുട്ടി കാറിന്റെ പിൻസീറ്റിലാണുണ്ടായിരുന്നതെന്നും ഗ്ലാസ് താഴ്ത്താനായതിനാല് അതിനിടയിലൂടെ കുട്ടിയുമായി ഉടൻ പുറത്തിറങ്ങാനായെന്നും നിഹാദ് പറഞ്ഞു. മണ്ണുമാന്തി കൊണ്ടുവന്നാണ് കാര്‍ പുറത്തെടുത്തത്.