FeatureLIFE

മൂന്ന് വയസുള്ള കുഞ്ഞിന്‍റെ അപ്രതീക്ഷിത വിയോഗത്തിലും വേദനയില്‍ തളരാതെ അവയവദാനത്തിന് അനുമതി നല്‍കി മാതാപിതാക്കള്‍; സല്യൂട്ട് നൽകി സമൂഹം!

വയവദാനം സംബന്ധിച്ച് വരുന്ന വാർത്തകൾ എപ്പോഴും നമ്മളിൽ ദുഖവും ആശ്വാസവും പ്രതീക്ഷയുമെല്ലാം ഒരേ സമയം നിറയ്ക്കാറുണ്ട്. പ്രത്യേകിച്ച് മരണാനന്തരം നടത്തുന്ന അവയവദാനമാകുമ്പോഴാണ് അത് മറ്റ് ജീവനുകൾക്ക് കാവലായി എന്ന് കേൾക്കുമ്പോൾ പോലും ഒരു ദുഖം നമ്മെ മൂടുക. അതും ചെറിയ കുട്ടികൾ മരിച്ച ശേഷം, നടക്കുന്ന അവയവദാനമാകുമ്പോൾ തീർച്ചയായും അത് ഏവരെയും സ്പർശിക്കും. എങ്കിൽപ്പോലും ഇത്തരം വാർത്തകൾ നമുക്ക് പകർന്നുനൽകുന്ന പ്രത്യാശ ചെറുതല്ല.

ഇപ്പോഴിതാ മുംബൈയിൽ നിന്ന് അത്തരത്തിലൊരു വാർത്ത വരികയാണ്. മൂന്ന് വയസുള്ള കുഞ്ഞിൻറെ അപ്രതീക്ഷിത വിയോഗത്തിലും വേദനയിൽ തളരാതെ അവയവദാനത്തിന് അനുമതി നൽകിയിരിക്കുകയാണ് കുഞ്ഞിൻറെ മാതാപിതാക്കൾ. മുംബൈ ഡോംബിവിളി സ്വദേശിയായ മൂന്ന് വയസുകാരൻ സ്റ്റേഷനറി ബൈക്ക് ദേഹത്തേക്ക് മറിഞ്ഞതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റതോടെയാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. മൂത്ത സഹോദരനൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നുവത്രേ കുഞ്ഞ്. ഇതിനിടെ അബദ്ധത്തിൽ വ്യായാമത്തിന് ഉപയോഗിക്കുന്ന സ്റ്റേഷനറി ബൈക്ക് കുഞ്ഞിൻറെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

Signature-ad

വീഴ്ചയിൽ കുഞ്ഞിൻറെ തല തറയിൽ ശക്തിയായി ഇടിച്ചതോടെയാണ് ആന്തരീകമായി പരുക്ക് സംഭവിച്ചത്. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിലേക്കും പിന്നീട് വദിയ ചിൽഡ്രൻസ് ആശുപത്രിയിലേക്കും മാറ്റി. തുടർന്ന് തലച്ചോറിൽ ശസ്ത്രക്രിയയിും നടത്തി. എങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ അനുമതി നൽകിയതോടെ കുഞ്ഞിൻറെ ഹൃദയം, കരൾ, വൃക്കകൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. പരേലിലെ ഗ്ലോബൽ ആശുപത്രിയിലുംപെഡ്ഡർ റോഡിലെ ജസ്ലോക് ആശുപത്രിയിലുമായി വൃക്ക പ്രവർത്തനം നിലച്ച് മരണം മുന്നിൽ കണ്ട് കഴിയുകയായിരുന്ന രണ്ട് രോഗികൾക്കാണ് കുഞ്ഞിൻറെ വൃക്കകൾ മാറ്റിവച്ചത്. പ്രായം അനുയോജ്യമായ രോഗികളില്ലാത്തതിനാൽ ഹൃദയം ചെന്നൈയിലേക്ക് മാറ്റിയിരിക്കുകയാണ്. കരൾ മറ്റൊരു രോഗിക്കും മാറ്റിവച്ചുകഴിഞ്ഞു.

മരണാനന്തരം അവയവം ദാനം ചെയ്തവരിൽ മുംബൈയിലെ ഏറ്റവും പ്രായം കുറഞ്ഞവരുടെ പട്ടികയിലേക്ക് ഇതോടെ ഒരു വ്യക്തി കൂടി ആവുകയാണ്. രാജ്യത്തെ നിരവധി പേരെ സ്വാധീനിക്കുന്നൊരു വാർത്ത കൂടിയാണിത്. ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരുമടക്കം ഏവരും സല്യൂട്ടോടെയാണ് കുഞ്ഞിന് അന്തിമോപചാരം അർപ്പിച്ചത്. കുഞ്ഞിൻറെ മാതാപിതാക്കൾക്കും ആദരം അർപ്പിക്കുന്നതായി ആശുപത്രി അറിയിച്ചിരിക്കുന്നു.

Back to top button
error: