രോഗിയായ പിതാവ് അടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ രാവിലെയും വൈകീട്ടും മറ്റ് അവധി ദിവസങ്ങളിലുമാണ് അനീഷ്യ ഓട്ടോ ഓടിക്കാറുള്ളത്. കെട്ടിട നിര്‍മാണത്തൊഴിലാളിയായിരുന്ന പിതാവ് സുനില്‍ (52) വര്‍ഷങ്ങള്‍ക്ക് മുമ്ബ് കെട്ടിടത്തില്‍നിന്നു വീണ് വലതുകൈ അഞ്ചായി ഒടിഞ്ഞിരുന്നു. പിന്നീട് ഉപജീവനമാര്‍ഗം തേടി സെക്കൻഡ് ഹാൻഡ് ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കാൻ പ്രയാസമായിരുന്നു. സാമ്ബത്തിക ബാധ്യതകള്‍ പെരുകിയതോടെയാണ് പിതാവിന്റെ ഫോണില്‍ വരുന്ന ഓട്ടത്തിന്റെ വിളികള്‍ക്ക് അനീഷ്യ ഓട്ടോയുമായി ചെന്നത്.
കഴിഞ്ഞ ദിവസം മൂന്ന് സ്ത്രീകള്‍ അനീഷ്യയുടെ ഓട്ടോയില്‍ കയറി.ഈ സമയം മറ്റൊരു ഓട്ടോക്കാരൻ അനീഷ്യയെ ഭീഷണിപ്പെടുത്തുകയും ഓട്ടോയില്‍ കയറിയ യാത്രക്കാരെ തിരികെ ഇറക്കുകയും ചെയ്തു. ഓള് കേരള പെര്‍മിറ്റുള്ള തന്റെ ഓട്ടോ ഓടാൻ സമ്മതിക്കാത്ത പ്രശ്നം കാട്ടി അനീഷ്യ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്കി. തുടര്‍ന്ന് അനീഷ്യയെയും ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവറെയും ഉദ്യോഗസ്ഥര്‍ വിളിപ്പിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ കഴിഞ്ഞ ദിവസം വീണ്ടും ഓട്ടോയുമായി സ്റ്റാൻഡില്‍ എത്തിയ അനീഷ്യക്ക് മറ്റ് ഓട്ടോക്കാര് ചുറ്റും ഓട്ടോയിട്ട് തടസ്സം സൃഷ്ടിച്ചതായാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ അനീഷ്യ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. അനീഷ്യയുടെ ഓട്ടോയുടെ നാലുവശത്തും മറ്റ് ഓട്ടോകള്‍ ഇടുന്നതിനാല്‍ ഓട്ടം കിട്ടാതെ വിഷമിക്കുകയാണ്.ഒരു കാരണവശാലും ഇവിടെ ഓടാൻ അനുവദിക്കില്ലെന്നാണ് മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നതെന്നും അനീഷ്യ പറഞ്ഞു.