തൃശൂര്‍: തൃശ്ശൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൃശൂര്‍ എളവള്ളിയില്‍ മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച വൈകട്ടായിരുന്നു ദാരുണമായ സംഭവം അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡരികിലെ വീട്ടുപറമ്പില്‍ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാളിക്കുട്ടിയെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. അതിനിടയില്‍ മരിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. പുറത്തേക്ക് പോയിരുന്ന കാളിക്കുട്ടിയുടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററകലെയാണ് സംഭവം. നടന്നുവരികയായിരുന്ന ഇവരുടെ ദേഹത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ തെങ്ങാണ് വീണത്. അപകടത്തില്‍ കാളിക്കുട്ടിയുടെ തോളെല്ലുകള്‍ പൊട്ടി. കാലില്‍ തുടയുടെ ഭാഗത്തും തലയിലും മുറിവ് പറ്റി.
മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. അതേസമയം തൃശൂരില്‍ കാലവര്‍ഷം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. പലയിടത്തും ജൂണില്‍ ഇതു വരെ കിട്ടേണ്ട മഴയില്‍ കുറവുണ്ട്. എന്നാല്‍ പെയ്യുന്ന മഴയാകട്ടെ കനത്തതുമാണ്. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനുമുമ്പേ കാലവര്‍ഷ കെടുതികള്‍ തുടങ്ങി.