മലപ്പുറം: എടവണ്ണ ഒതായിയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് വീടിനു കേടുപാടുകള്‍ സംഭവിച്ചു. ചുണ്ടേപറമ്പില്‍ പറമ്പില്‍ പുളിങ്കുഴി അബ്ദുറഹ്‌മാന്റെ വീടിനാണ് ഇടിമിന്നലേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത ഇടിമിന്നലുണ്ടായത്. അപകടസമയം രണ്ടു പേര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ചുമരിലെ കല്ല് തെറിച്ച് രണ്ടുപേര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, അപകടസമയം വീടിനോട് ചേര്‍ന്നുള്ള വൈദ്യുതി പോസ്റ്റിലും പൊട്ടിത്തെറി ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇതില്‍ വീട്ടിലേക്കുള്ള സര്‍വീസ് വയര്‍ ഉള്‍പ്പടെ പൊട്ടിത്തെറിച്ചു. വീടിനുള്ളിലെ അടുക്കളയിലെയും മറ്റു റൂമുകളിലെയും വൈദ്യുതി സ്വിച്ച് ബോര്‍ഡുകള്‍ തകര്‍ന്ന നിലയിലാണ്.
നിലവില്‍ ഈ വീട്ടില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. അതിന് ശേഷമേ എത്ര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പറയാനാവുകയുള്ളൂ എന്ന് വീട്ടുടമ പറഞ്ഞു. അപകടം നടക്കുന്ന സമയം അടുക്കളയിലെ മേല്‍ക്കൂരയിലെ ഓടുകളും പൊട്ടി തകര്‍ന്നിട്ടുണ്ട്. കൂടാതെ വാട്ടര്‍ ടാങ്കിലേക്ക് പോകുന്ന പൈപ്പും പൊട്ടിത്തെറിച്ച നിലയിലാണ്. സംഭവം നടന്നയുടന്‍ നാട്ടുകാര്‍ അധികൃതരെ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധിതൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.