യാത്രകളെ ഇഷ്ടമില്ലാത്ത ആരാണുളളത്…പ്രത്യേകിച്ച് മഴക് കാലത്ത്? ഇനി അങ്ങോട്ട് മണ്‍സൂണ്‍ കാലം തുടങ്ങുകയാണ്. കേരളത്തില്‍ മഴ പെയ്ത് തുടങ്ങിയിട്ടുണ്ട്.മഴക്കാലത്ത് തീര്‍ച്ചയായും പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ ഒന്ന് പരിചയപ്പെടാം. മഴക്കാലത്ത് യാത്ര ചെയ്യുമ്ബോള്‍ ആവശ്യമായ മുൻകരുതലുകള്‍ എടുക്കണം എന്ന് ആദ്യമേ ഓർമ്മിപ്പിക്കുന്നു.
ഇന്ത്യയുടെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് കൂര്‍ഗ്. നമ്മള്‍ നനഞ്ഞ മഴയിൽ നിന്നും ഏറെ വ്യത്യസ്തമാണ് പശ്ചിമഘട്ടത്തിലെ മഴ. തോരാത്ത മഴ എന്നത് അനുഭവിക്കണമെങ്കില്‍ ഇവിടെ വരണം. ബംഗ്ലൂരുവില്‍ നിന്ന് കൂര്‍ഗിലേക്കുളള യാത്രയില്‍ കണ്ണിന് കുളിര്‍മയേകുന്ന ഒരുപാട് കാഴ്ച്ചകള്‍ നമുക്ക് കാണാൻ സാധിക്കും. 268 കിലോമീറ്റര്‍ ദൂരമാണ് ബംഗ്ലൂരുവില്‍ നിന്ന് കൂര്‍ഗിലേക്ക്. ഏകദേശം അഞ്ച് മണിക്കൂറോളമുള്ള യാത്ര.
അടുത്ത സ്ഥലം ബംഗ്ലൂരുവില്‍ നിന്ന് ഊട്ടിയിലേക്കാണ്.അല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഇതൊരു ശരിയായ ഡെസ്റ്റിനേഷനായിരിക്കും. മാത്രമല്ല അങ്ങോട്ടേക്കുളള റോഡും കാഴ്ച്ചകളും എല്ലാം ആരുടേയും മനസ്സിനെ തണുപ്പിക്കും.ബന്ദിപ്പൂര്‍ വനത്തിലൂടെയാണ് യാത്ര. 209 കിലോമീറ്റര്‍ ആറ് മണിക്കൂര്‍ കൊണ്ട് എത്താൻ സാധിക്കും.
തേനിയില്‍ നിന്ന് മേഘമലയിലേക്കുളള റോഡ് മഴക്കാലത്ത് പോകാൻ പറ്റിയ ഒരു ഡെസ്റ്റിനേഷനാണ്. റിസര്‍വ് ഫോറസ്റ്റില്‍ കൂടെ യാത്ര ചെയ്ത് സമുദ്രനിരപ്പില്‍ നിന്നും നാലായിരം മീറ്റര്‍ ഉയരത്തിലേക്ക് എത്തുമ്ബോള്‍ നിങ്ങള്‍ക്ക് കാണാൻ സാധിക്കുന്നത് അങ്ങ് കണ്ണെത്താദുരത്തുളള മലകളും മേഘങ്ങളുമാണ്. തേനിയില്‍ നിന്ന് 47 കിലോമീറ്റര്‍ ദുരമാണ് മേഘമലയ്ക്കുളളത്, രണ്ട് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാൻ സാധിക്കും.
വയനാട് ജില്ലയുടെ പ്രവേശന കവാടമാണ് ലക്കിടി.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ലക്കിടി. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്.
കേരളത്തിന്റെ ചിറാപുഞ്ചി എന്ന് ഒരുകാലത്ത് അറിയപ്പെട്ട ലക്കിടിയിൽ നിന്നും തുടങ്ങുന്നു സംസ്ഥാനത്തെ മഴയുടെ ആരവം.കോടമഞ്ഞ് കരിമ്പടം പുതയ്ക്കുന്ന സന്ധ്യകളിൽ കാട്ടരുവികൾ താളം പിടിച്ച് പാറക്കെട്ടുകൾ ചാടി കുതിച്ചു പായുമ്പോൾ മഴ ഭിന്നഭാവങ്ങൾ തീർക്കും.മഴ തുടങ്ങമ്പോഴേക്കും ചീവീടുകളുടെ ശബ്ദമാണ് മലയോരങ്ങളിൽ മുഴങ്ങിതുടങ്ങുക.മഴ പെയ്തു തീർന്നാലും മരം പെയ്യുന്ന കാടുകൾ.കുളിരിന്റെ കൂടാരമായി നിത്യഹരിത വനങ്ങൾ.പുതിയ തളിരുകളും ശിഖരങ്ങളും നീട്ടി ഇലപൊഴിക്കും കാടുകൾ.കാഴ്ചയുടെ സമൃദ്ധിയാണ് മഴക്കാലത്തെ ലക്കിടി.
മഴ നനഞ്ഞ് മലകയറണമെങ്കിൽ ചെമ്പ്രയിലേക്ക് പോകാം.മലമുകളിലെ നിറഞ്ഞു തുളുമ്പുന്ന ഹൃദയ തടാകത്തിൽ ആർത്തുല്ലസിക്കാം.തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോൽപ്പിച്ച് ചെമ്പ്രയുടെ മുകളിൽ നിന്നും താഴ് വാരത്ത് പെയ്യുന്ന മഴയെ കാണാം.മഴ നനയാൻ മനസ്സുള്ളവർ ഇതിനായി ഒരുങ്ങിയെത്തുന്നു. ബാഗ്ലൂരിലും മറ്റുമുള്ള ഐ.ടി പ്രൊഫഷണുകളാണ് ഇതിനായി വരുന്ന സഞ്ചാരികളിൽ അധികവും.ഏതുകാലത്തും സഞ്ചാരികളെ സ്വീകരിക്കുന്ന കേന്ദ്രമായി ചെമ്പ്രയെ വിശേഷിപ്പിക്കാം.
കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ബാണാസുര മലയും പക്ഷിപാതാളവുമുണ്ട്.അതിശക്തമായ ഒഴുക്കുള്ള കാട്ടരുവികളും മഴനിലയ്ക്കാത്ത ചോല വനങ്ങളുമാണ് ബാണാസുര മലയുടെ ആകർഷണം.കൂറ്റൻ പാറക്കെട്ടുകൾ ചാടി അലമുറയിടുന്ന കാട്ടരുവികളുടെ കാഴ്ചകൾ മാത്രം മതി മനം നിറയ്ക്കാൻ.