മൂന്നാർ: മാട്ടുപ്പെട്ടി ജലാശയത്തിൽ ടൂറിസ്റ്റുകൾക്കായി ഒരുക്കിയിരിക്കുന്ന ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ബോട്ട് സർവീസ് നിർത്തി വയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു എന്ന് ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്ത തെറ്റെന്ന് കരാർ കമ്പനി.
നോട്ടീസ് കൊടുത്തതിനു ശേഷം വാർഷിക മെയിന്റനൻസിന്റെ ഭാഗമായി നിർത്തിയിട്ടിരുന്ന ബോട്ടുകളുടെ ഫോട്ടോ എടുത്ത് ആരോ പ്രാദേശിക ലേഖകന് കൊടുത്തത് അവർ യാതൊരു വിധ അന്വേഷണവും നടത്താതെ പ്രസിദ്ധീകരിക്കുകയായിരുന്നു.ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ബോട്ടുകൾ ഒന്നും തന്നെ അന്ന് സർവീസ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.തന്നെയുമല്ല ഈ പ്രദേശങ്ങളിൽ എല്ലാം തന്നെ സിസിടിവി ക്യാമറകളുമുണ്ട്.
സംഗതി ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് കരാർ എടുത്ത ക്രീക്ക് ക്രുയിസ് കമ്പനിയുടെ ഉടമ വിനോദ് പറയുന്നു.
വാർഷിക മെയിന്റനൻസിന്റെ ഭാഗമായി 15 ദിവസത്തെ നോട്ടീസ് നൽകിയശേഷം സർവീസ് നടത്താതെ നിർത്തിയിട്ടിരുന്ന ബോട്ടുകളുടെ ഫോട്ടോ എടുത്താണ് ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചത്.വിവരം ആ മാധ്യമസ്ഥാപനത്തെ അറിയിച്ചിട്ടും വാർത്ത തിരുത്താൻ അവർ തയ്യാറായില്ലെന്നും വിനോദ് പറയുന്നു.
തങ്ങളുടെ ബോട്ട് സർവീസ് മാത്രമാണ് പതിവ് പരിശോധനയുടെ ഭാഗമായി നിർത്തിയിട്ടതെന്നും മറ്റ് ബോട്ടുകൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടെന്നും വിനോദ് പറഞ്ഞു.വ്യാജവാർത്ത കാരണം മറ്റു ബോട്ടുകളിലും ഇപ്പോൾ സഞ്ചാരികൾ കുറഞ്ഞ അവസ്ഥയാണ്.ദിവസേന ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ബോട്ടിങ്ങിനെത്തുന്ന സ്ഥലമാണ് മാട്ടുപ്പെട്ടി.
കാര്യമറിയാതെ മറ്റ് മാധ്യമങ്ങൾ അതേറ്റു പിടിച്ചതോടെ ബോട്ടിങ്ങിനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.വ്യാജ വാർത്ത കൊടുത്ത പത്രത്തിനെതിരെ വക്കീൽ നോട്ടീസ് ഉടൻതന്നെ അയക്കുമെന്നും വിനോദ് പറയുന്നു.