
12 വര്‍ഷം മുൻപ്, പതിനെട്ടാം വയസ്സിലാണ് റിയാദ് അബ്ദുല്‍ ബാഷര്‍ ബംഗ്ലാദേശില്‍ നിന്ന് ജോലി തേടി ബഹ്റൈനിലെത്തിയത്. ആദ്യ മൂന്ന് വര്‍ഷം കോള്‍ഡ് സ്റ്റോറിലായിരുന്നു ജോലി. കഴിഞ്ഞ ഒമ്ബതുവര്‍ഷമായി റസ്റ്റാറന്റില്‍ ജോലി ചെയ്യുന്നു. മലയാളികളായ സ്ഥാപന ഉടമകളോടും ജീവനക്കാരോടും നിരന്തരം ഇടപഴകി അതിവേഗം മലയാളം പഠിച്ചു. ഇന്നിപ്പോള്‍ റിയാദ് മലയാളം സംസാരിക്കുന്നത് കേട്ടാല്‍ മലയാളിയല്ലെന്ന് ആരും പറയില്ല. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള റിയാദ് സ്വന്തം നാട്ടുഭാഷയായ ബംഗ്ലാക്കും മലയാളത്തിനും പുറമെ ഹിന്ദി, അറബി, ഉര്‍ദു ഭാഷകളും നന്നായി സംസാരിക്കും. അത്യാവശ്യം ഇംഗ്ലീഷും അറിയാം.
ജോലി ചെയ്യുന്ന റസ്റ്റാറന്റിലെ ഓള് റൗണ്ടറായ റിയാദ് എല്ലാ കസ്റ്റമേഴ്സിനും സുപരിചിതനാണ്. നല്ല തിരക്കുള്ള സ്ഥാപനത്തില്‍ സപ്ലയര്‍ ആയും പാചകക്കാരനായും കാഷ്യറായും ഡെലിവറി ബോയി ആയും ഒരേ സമയം എല്ലാ ജോലികളും ചെയ്യുന്നതുകൊണ്ട് ഹോട്ടലുടമക്കും ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും ഏറെ പ്രിയങ്കരനുമാണ്.
ഭാര്യയും അഞ്ച് വയസ്സും മൂന്ന് മാസവും പ്രായമുള്ള രണ്ട് കുട്ടികളും കൂടാതെ പിതാവും മാതാവും ആറ് സഹോദരങ്ങളും അടങ്ങുന്നതാണ് റിയാദിന്റെ നാട്ടിലെ കുടുംബം.കേരളം സന്ദർശിക്കുക എന്നതാണ് റിയാദിന്റെ ഏറ്റവും വലിയ സ്വപ്നം!






