CrimeNEWS

ഓട്ടോറിക്ഷകളും ഇരുചക്ര വാഹനവും മോഷ്ടിച്ച് ആക്രി കടയില്‍ വിറ്റു; യുവാവും കടയുടമയും അറസ്റ്റില്‍

ഇടുക്കി: ഓട്ടോറിക്ഷകളും ഇരുചക്ര വാഹനവും മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശികളായ യുവാക്കളാണ് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. കുമളി രണ്ടാംമൈല്‍ സ്വദേശി മണികണ്ഠന്‍, കുമളിയിലെ ആക്രി വ്യാപാരി തങ്കരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2021 ലാണ് കുമളിയില്‍ നിന്ന് ഇരുചക്ര വാഹനവും കട്ടപ്പന കൈരളിപ്പടി, വള്ളക്കടവ് എന്നീ സ്ഥലങ്ങളില്‍ നിന്നായി ഓട്ടോറിക്ഷകളും ഒന്നാം പ്രതി മണികണ്ഠന്‍ മോഷ്ടിച്ച് കടത്തിയത്. തുടര്‍ന്ന് ഒന്നര ലക്ഷം രൂപയോളം വിലവരുന്ന വാഹനങ്ങള്‍ 6000 രൂപ വീതം വാങ്ങി തങ്കരാജിന് വില്‍ക്കുകയായിരുന്നു. മോഷണം പോയ ഓട്ടോറിക്ഷകളില്‍ ഒന്നിന്റെ പിന്‍സീറ്റ് മറ്റൊരു ഓട്ടോയില്‍ പിടിപ്പിച്ചിരിക്കുന്ന രഹസ്യവിവരം കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

Signature-ad

മുഖ്യപ്രതി മണികണ്ഠന്‍ ഓട്ടോറിക്ഷകള്‍ മറ്റ് ആക്രി കടകളില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെ തുടര്‍ന്നാണ് തങ്കരാജിനെ സമീപിച്ച് വിറ്റത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി മോഷണം നടത്തിയ സ്ഥലങ്ങളിലും ആക്രിക്കടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

 

Back to top button
error: