KeralaNEWS

ഒഡീഷ ട്രെയിന്‍ അപകടം: രക്ഷപ്പെട്ടവരില്‍ 4 തൃശൂര്‍ സ്വദേശികള്‍

തൃശൂര്‍: അപകടത്തില്‍പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസിലെ യാത്രക്കാരായ 4 തൃശൂര്‍ സ്വദേശികള്‍ സുരക്ഷിതര്‍. കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡല്‍ എക്സ്പ്രസില്‍ ചെന്നൈയിലെത്തി തുടര്‍ന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം.

അപകടത്തില്‍ രഘുവിന്റെ ഒരു പല്ല് നഷ്ടപ്പെട്ടു. വൈശാഖിനു തലയിടിച്ച് അല്‍പം പരുക്കേറ്റിട്ടുണ്ട്. അപകടം സംഭവിച്ചപ്പോള്‍ രക്ഷപ്പെട്ടെങ്കിലും ഇന്നു രാവിലെയായപ്പോള്‍ ആകെ ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെന്നും കിരണ്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണു നാലു പേരും. ട്രെയിന്‍ മൂന്നുതവണ മറിഞ്ഞെന്ന് കിരണ്‍ പറയുന്നു. അപകടത്തില്‍നിന്നും രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് കൈകൊണ്ട് തല്ലിപ്പൊട്ടിച്ചാണ്. ഇവര്‍ ഇരുന്ന കോച്ചിന്റെ തൊട്ടുപുറകിലെ കോച്ച് അപകടത്തില്‍ രണ്ടു കഷ്ണമായി. അതിനു മുകളിലൂടെ നടന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. പാടത്തിലൂടെ ഒരു കിലോമീറ്റര്‍ നടന്നശേഷം ഒരു വീട് കണ്ടെന്നും മലയാളികള്‍ പറയുന്നു.

അപകടസ്ഥലത്തിനു സമീപത്തെ വീട്ടില്‍ വിശ്രമിക്കുകയാണെന്ന് ഇവര്‍ നാട്ടില്‍ വിളിച്ചറിയച്ചു. ട്രെയിനുകള്‍ കൂട്ടിയിടിച്ചതോടെ വന്‍ ശബ്ദവും കൂട്ടനിലവിളികളുമായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

 

Back to top button
error: