തിരുവനന്തപുരം: ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് പുറപ്പെടേണ്ട രണ്ട് ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി.
ഇന്ന് വൈകിട്ട് 4.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം – ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനും വൈകിട്ട് 5.20 ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – ഡിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ സര്‍വീസുമാണ് പൂര്‍ണമായും റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.
അതേസമയം ഒഡിഷയിലെ ട്രെയിൻ അപകടത്തില്‍ മരണസംഖ്യ 237 ആയി ഉയർന്നു. 900ലേറെ പേര്‍ക്കാണ് പരുക്കേറ്റത്.ഇന്നലെ 7 മണിയോടെയായിരുന്നു അപകടം.
ദുരന്തത്തെ തുടര്‍ന്ന് ഒഡിഷ സര്‍ക്കാര്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്.
ഒഡീഷയിൽ ബാലസോർ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളിലേക്കു മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.