കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ശുയൂഖിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംബന്ധിച്ച് കുവൈത്ത് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിൽ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലാണ് തീപിടിച്ചത്. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അപകടം സംബന്ധിച്ച വിവരമറിഞ്ഞ് അൽ സമൂദ്, അൽ അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി. മൂന്ന് നിലകളുള്ള വീടിന്റെ ഉൾവശത്ത് ഏതാണ്ട് പൂർണമായി തീ പടർന്നിരുന്നു. അഗ്നിശമന സേനാ അംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്ന് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് ബന്ധപ്പെട്ട വിഭാഗങ്ങൾ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്.