തിരുവനന്തപുരം: യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ സംഘാടക സമിതിയുടെ പേരിൽ വൻതുക പിരിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ കേരളമുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്മതിയും ലാളിത്യവും ഉയർത്തിക്കാട്ടിയാണ് പിണറായി വിജയനെതിരെ കോൺഗ്രസ് നേതാക്കളുടെ വിമർശനം. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ 82 ലക്ഷം രൂപ പിരിച്ചെടുക്കുന്നുവെന്നായിരുന്നു വാർത്തകൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പം ഇരിക്കാനും വിഷമം പറയാനും ലക്ഷങ്ങൾ ഒന്നും ആശ്യമില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
”ഉമ്മൻ ചാണ്ടി സാറിന്റെ കാർ യാത്രയെ പറ്റി സാധാരണ പറയാറുണ്ട് ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും. കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും… ആ മനുഷ്യൻ അങ്ങനെയാണ് ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്. അപ്പോഴാണ് ചില അല്പന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്… ഇതെന്താ ജെയിംസ് കാമറുണിന്റെ ‘അവതാർ’ വല്ലതുമാണോ ചെയറിന് അനുസരിച്ച് റേറ്റ് വെക്കാൻ’- യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
കെഎസ് ശബരീനാഥൻറെ ഫേസ്ബുക്ക് കുറിപ്പ് ”ഇത് പഴയ ഒരു മുഖ്യമന്ത്രിയാണ്. ഇദ്ദേഹത്തോടൊപ്പം ഒന്നിരിക്കാൻ,ഒന്ന് സംസാരിക്കാൻ, ഒന്ന് വിഷമം പറയാൻ 82 ലക്ഷവും ഗോൾഡ്,സിൽവർ,ബ്രോൻസ് പാസ്സും ഒന്നും ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാര്യങ്ങൾ കാണുമ്പോൾ ഓർമ്മവരുന്നത് Megalomania എന്ന് ഇംഗ്ലീഷ് വാക്കാണ്. “Obsession with the exercise of power” എന്നാണ് അർഥം. “മറ്റുള്ളവരുടെമേൽ അധികാരം അടിച്ചേൽപ്പിക്കുന്നതിനുള്ള അമിതമായ ആസക്തി” എന്ന് മൊഴിമാറ്റാം. ഇതാണ് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത് ”.
ഈ മാസം 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ്, ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമാണ് പിരിവ്. ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമാണ് ഓഫർ. മുൻനിരയിൽ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിൻറെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘടാകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.