ബിഗ് ബോസ് സീസണുകളിൽ എപ്പോഴും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന സെഗ്മെന്റ് ആണ് വീക്കിലി ടാസ്കുകൾ. വീട്ടിലെ മുന്നോട്ടുള്ള നിലനിൽപ്പിനെ ബാധിക്കുന്ന ഘടകമായത് കൊണ്ട് തന്നെ നൂറ് ശതമാനവും എഫേർട്ട് മത്സരാരർത്ഥികൾ ഇടാറുണ്ട്. അതുകൊണ്ട് തന്നെയാണ് വീക്കിലി ടാസ്കിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പലപ്പോഴും വലിയ പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാകുന്നതും ഈ സെഗ്മന്റിൽ തന്നെയാണ്. നിലവിൽ കോടതി ടാസ്ക് ആണ് ബിബി അഞ്ചാം സീസണിൽ നടന്നു കൊണ്ടിരിക്കുന്നത്.
‘ബിഗ് ബോസ് കോടതി’യിൽ ഇന്നെത്തിയൊരു കേസ് നാദിറയുടേതാണ്. സാഗർ സൂര്യയുമായുള്ള തന്റെ പ്രണയം സ്‍ട്രാറ്റജി ആയിരുന്നുവെന്ന് ജുനൈസ് ആരോപിക്കുന്നുവെന്നായിരുന്നു നാദിറയുടെ പരാതി. ജുനൈസ് എന്റെ പ്രണയത്തെ പലയിടത്തും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് നാദിറ പരാതിപ്പെട്ടത്. വാദത്തിനിടെ ജുനൈസും വക്കീൽ ആയ ഫിറോസും ചേർന്ന് സംസാരിക്കുന്നതിനിടെ ജഡ്ജായ റിയാസ് സലിം പറഞ്ഞ കാര്യത്തെ തിരുത്തിയിരിക്കുകയാണ് അഖിൽ മാരാർ. കേസിൽ ഗുമസ്തൻ ആയിരുന്നു മാരാർ.
ഫിറോസും ജുനൈസും സംസാരിക്കുന്നതിനിടയിൽ ‘ഇത് ചന്തയല്ല അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കാൻ. ഇത് കോടതിയാണ്’എന്നാണ് റിയാസ് പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട അഖിൽ എതിർത്തു. ‘ഈ പ്രയോഗം പൊളിറ്റിക്കൽ ഇൻകറക്ട് ആണ്. ചന്തയിൽ അങ്ങനെ പോരടിയൊന്നും ഇല്ല. പൊളിറ്റിക്കലി അത് ശരിയല്ല. ജഡ്ജി അത് തിരുത്തി പറഞ്ഞാൽ ജഡ്ജിക്ക് കൊളളാം. അങ്ങനെ തമ്മൾ താരമത്യം ചെയ്യാൻ പാടില്ല’, എന്നാണ് അഖിൽ പറയുന്നത്.
പിന്നാലെ റിയാസ് ക്ഷമ പറയണമെന്ന് സെറീനയും ആവശ്യപ്പെട്ടു. ആവശ്യം ശക്തമായതിന് പിന്നാലെ റിയാസ് ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട്. ‘മോശമായി എന്തെങ്കിലും വാക്ക് എന്റെ വായിൽ നിന്നും വീണ് പോയിട്ടുണ്ടെങ്കിൽ സോറി’ എന്നാണ് റിയാസ് പറഞ്ഞത്. അഖിലിന്റെ ഈ ചൂണ്ടിക്കാട്ടൽ ടാസ്കിനിടയിൽ ചിരി ഉളവാക്കിയിരുന്നു. ഇതിനിടയിൽ നാദിറയുടെ കേസ് തള്ളിയ കോടതി അഖിലിനെ കൊണ്ട് ജുനൈസിന്റെയും ഫിറോസിനെ കൊണ്ട് നാദിറയുടെയും വായിൽ ടേപ്പ് ഒട്ടിപ്പിച്ചു. നാദിറ കോടതിയുടേയും മറ്റുള്ളവരുടെയും സമയം കളഞ്ഞുവെന്ന് ജഡ്ജിയായ റിയാസ് പറഞ്ഞു.