മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്.
ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നും ഇദ്ദേഹം പറയുന്നു. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നു. ട്വീറ്റിന് പിന്നാലെ അച്ഛൻ- മകൻ റോളിലാണോ മോഹൻലാൽ എത്തുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
As per reliable sources @Mohanlal is playing dual role in #LijoJosePellissery’s #MalaikottaiVaaliban!
The shoot of the film is making brisk progress in a Chennai studio and should be wrapped up by end June. Likely to be a Christmas release. #Mohanlal pic.twitter.com/wsfs7dL0T9— Sreedhar Pillai (@sri50) May 31, 2023
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യർ ആണ്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘ നിർമ്മാണ പങ്കാളികളാണ്.
അതേസമയം, മോഹൻലാലിൻറേതായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിൻറെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫറിൻറെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ വർഷം തന്നെ ഉണ്ടാകുമെന്ന് പൃഥ്വിരാജ് ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയിലൂടെ അറിയിച്ചിരുന്നു.