CrimeNEWS

പവൻ കല്യാണ്‍ നായകനാകുന്ന ‘ഹരി ഹര വീര മല്ലു’ ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തമെന്ന് റിപ്പോര്‍ട്ടുകൾ

പവൻ കല്യാൺ നായകനാകുന്ന പുതിയ ചിത്രമായ ‘ഹരി ഹര വീര മല്ലു’. കൃഷ്‍ ജഗർലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ ജഗർലമുഡിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടുത്തമുണ്ടായിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദിലെ ഡുണ്ടിഗൽ എന്ന സ്ഥലത്ത് ചിത്രത്തിനായി തയ്യാറാക്കിയ സെറ്റിലാണ് തീപിടിത്തുമുണ്ടായത്. സെറ്റിൽ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാൽ അപകടത്തിൽ ഷൂട്ടിംഗ് സെറ്റിന്റെ ഭൂരിഭാഗവും നശിച്ചതിനാൽ വലിയ നാശനഷ്‍ടമുണ്ടെന്നാണ് റിപ്പോർട്ട്. ഡുണ്ടിഗൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സെറ്റ് നിർമിക്കേണ്ടിവരുന്നതിനാൽ ചിത്രീകരണം വൈകുമെന്നുമാണ് റിപ്പോർട്ട്.

എ ദയകർ റാവു, എ എം രത്‍നം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം. അർജുൻ രാംപാൽ, നർഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. ‘ഭീംല നായക്’ എന്ന ചിത്രമാണ് പവൻ കല്യാണിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു ‘ഭീംല നായക്’. ‘ഭീംല നായക്’ എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗർ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിർമാതാവ്. സിത്താര എന്റർടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിർമാണം. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

Signature-ad

പവൻ കല്ല്യാൺ ബിജു മേനോൻറെ ‘അയ്യപ്പൻ നായർ’ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുമ്പോൾ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തിൽ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി. രണ്ട് ടൈറ്റിൽ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത ‘അയ്യപ്പനും കോശി’യുമെങ്കിൽ തെലുങ്കിൽ പവൻ കല്യാണിൻറെ കഥാപാത്രത്തിനായിരുന്നു കൂടുതൽ പ്രാധാന്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: