KeralaNEWS

ഉൾനാടൻ ജലഗതാഗത വകുപ്പ് പനത്തുറയിൽ നിർമ്മിക്കുന്ന പാലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി

തിരുവനന്തപുരം: ഉൾനാടൻ ജലഗതാഗത വകുപ്പ് പനത്തുറയിൽ നിർമ്മിക്കുന്ന പാലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. പാലം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം പനത്തുറ ക്ഷേത്രത്തിന്റേതാണെന്ന് നാട്ടുകാരും സർക്കാർ സ്ഥലമാണെന്ന് റവന്യൂ വകുപ്പിന്റെയും നിലപാടാണ് തർക്കത്തിന് കാരണം.

ക്ഷേത്രം വക സ്ഥലം ഒഴിവാക്കി പാലം നിർമ്മിക്കണമെന്നും ഇതിനായി നിലവിലെ അലൈന്റ്മെന്റ് മാറ്റണമെന്നും ധീവരസഭയും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ കഴിഞ്ഞ ദിവസം പാലം നിർമ്മാണം ആരംഭിക്കാൻ ജെസിബി അടക്കമുള്ള യന്ത്രങ്ങളും സാധനങ്ങളുമായി എത്തിയ ഉദ്യാേഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ പ്രതിനിധികളുമായി സബ്കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് ഭൂമി ആരുടേതെന്ന് കണ്ടെത്താൻ ലാൻഡ് തഹസിൽദാർ കെ.ജി. മോഹനന്റെ നേത്യത്വത്തിൽ താലൂക്ക് സർവ്വേയർമാരെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. ഇത് സംബന്ധിച്ചുളള റിപ്പോർട്ട് സബ് കളക്ടർക്ക് കൈമാറിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Signature-ad

ജലപാത നിർമ്മിക്കുമ്പോൾ നാട്ടുകാർക്ക് സഞ്ചരിക്കാനുള്ള പാലമാണ് ഇവിടെ നിർമ്മിക്കുന്നത്. ജലപാതയിലൂടെ ബോട്ട് കടന്നുവരുമ്പോൾ ഉയരുകയും ശേഷം താഴുകയും ചെയ്യുന്ന ലിഫ്റ്റിങ് പാലമാണ് സ്ഥാപിക്കുക. നാട്ടുകാർക്കും അവരുടെ വാഹനങ്ങൾക്കും കടന്നുപോകാൻ തക്കതരത്തിലുളള പ്രത്യേക റാമ്പും പാലത്തിൽ ഉണ്ടാകുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.

Back to top button
error: