പൊന്മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ, പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ ഭാവമായി എം.ജി മലയാളിയുടെ കനവുകളിൽ ചേക്കേറി, എം.ജി ശ്രീകുമാറിന് ഇന്ന് 66-ാം പിറന്നാൾ
ജിതേഷ് മംഗലത്ത്
അയാൾ പാടിയതൊക്കെയും ഓർമ്മകളിലേക്കുളള കിളിവാതിലുകളിലൂടെയായിരുന്നു. ഒരു കാലമാകെ അയാളുടെ ‘നേസൽ ടോണി’ലൂടെ പൂത്തുലഞ്ഞു. ആ ശബ്ദം തൊട്ടുണർത്തുന്ന ഓർമ്മയുടെ മഴക്കാടുകൾക്കെന്ത് പുതുമഴഗന്ധമാണെന്നോ…?
വെള്ളാരംകുന്നിന്റെ താഴ്വരയിൽ രാവിലയാൾ പാടിയപ്പോൾ ഒരു പാലമരം പൂത്തു…
അയാളുടെ പാട്ടിലെ മുഗ്ദ്ധമോഹനഭാവം നമ്മെ തൊട്ടുണർത്തി…
അയാളുടെ സ്വരം ഒരു പൊൻവീണയെപ്പോൽ നമ്മുടെയുള്ളിലെ മൗനം വാങ്ങി ജന്മങ്ങൾ പുൽകുന്ന നാദം നൽകി…
അയാൾ പാടുമ്പോൾ ഒരു പൂ വിരിയുന്ന സുഖവും, നറുമഞ്ഞുരുകുന്ന ലയവും നമ്മളറിഞ്ഞു.
പഞ്ചമം തേടുന്ന കുയിലിന്റെ താളമിയലും പോലെ, പൊന്മുരളിയൂതുന്ന കാറ്റിൽ ഈണമലിയുന്ന പോലെ ആരുമറിയാത്ത ഭാവമായി അയാൾ നമ്മുടെയൊക്കെ കനവുകളിലൊഴുകി.
നമ്മുടെയൊക്കെ സ്വപ്നങ്ങളെ അണിയിക്കാൻ താമരനൂലിനാൽ അയാളൊരു പൂത്താലി എന്നും പണിതുവെച്ചു.
തിരുനെല്ലിക്കാടു പൂത്ത രാവുകളിൽ കരിവളയും ചാന്തും വാങ്ങാൻ അയാൾ നമ്മുടെ പ്രണയത്തെ തിരുകാവിൽ പോകാൻ ക്ഷണിച്ചു.
അയാളുടെ ശ്വാസത്തിലെ വയൽമണ്ണിന്റെ ഗന്ധവും,പുറവേലിത്തടത്തിലെ താഴമ്പൂവിന്റെ മദിപ്പിക്കുന്ന ഗന്ധവും നമ്മളറിഞ്ഞു.
പാടുവാനയാൾ ഓർമ്മകളിൽ പദങ്ങൾ തേടുമ്പോൾ നമ്മുടെ മോഹങ്ങളും സ്വരങ്ങൾ തേടുകയായിരുന്നു.
ആശബ്ദത്തിലായിരുന്നു പാടിത്തീരാത്ത പാട്ടുമായി സ്വപ്നത്തിന്റെ പടിവാതിൽക്കൽ വന്നവളെ നമ്മൾ ഹൃദയത്തിലേക്ക് ചേർത്തത്.
അയാൾ ഉൾക്കണ്ണിൽ പ്രേമം പൂക്കുന്ന ഗ്രാമത്തിനെക്കുറിച്ചു പാടിയപ്പോൾ ഗൃഹാതുരത പൂത്തത് നമ്മുടെ നെഞ്ചിലായിരുന്നു.
അയാളുടെ ശബ്ദത്തിലൂടെയായിരുന്നു ഓരോ പ്രണയിയുടെയും കരളിലെ സ്വപ്നത്തിലെ ചെറുമൺകുടിലിലേക്ക് അവന്റെ കരിമിഴിയാളെ അവൻ കൊണ്ടുപോയത്.
കിരീടം നഷ്ടപ്പെട്ട സേതുമാധവന്റെ ദുഃഖം അയാളിലൂടെ ആരെയോ തേടിപ്പിടഞ്ഞലയുന്ന കാറ്റായി മലയാളികളെ മുഴുവൻ തപിപ്പിച്ചു.
ഒരായിരം കിനാക്കളാൽ മോഹം കുരുന്നുകൂട് മേഞ്ഞിരുന്നതും, ദൂരമില്ലാതെ തീരങ്ങൾ അടുത്തുകൊണ്ടിരുന്നതും ആ ശബ്ദത്തിലായിരുന്നു.
ഉള്ളിലുയരുന്ന ആമോദത്തിരകൾക്കു കുറുകെ അയാളുടെ മൗനം സാന്ദ്രമായൊഴുകി.
അയാൾ പ്രണയത്തെക്കുറിച്ച് പാടുമ്പോഴൊക്കെ വാടാമല്ലികൾ മോഹത്തിന് പൊന്നാട ചാർത്തുകയും, മായാമയൂരം പീലി നീർത്തുകയും ചെയ്തു.
ഉൾക്കുടന്നയിൽ ആത്മനൊമ്പരമേറ്റയാൾ പാടിയതൊക്കെയും പുതുമഴയായി പൊഴിഞ്ഞത് നമ്മുടെ നെഞ്ചിലേക്കാണ്.
മഴ ചാറുന്ന നേരത്തും അയാളുടെ പാട്ടുകൾ തണലിൽ തീ പടർത്തി.
ഉത്സവഛായകളിൽ തുമ്പപ്പൂച്ചോറുണ്ടും, കുമ്മാട്ടിക്കളി കണ്ടും അയാളുടെ ശബ്ദം ഒഴുകിനടന്നു.
പാതി വിടർന്ന പൂക്കളുമായ് അയാളുടെ പാട്ടുകളിൽ പാതിരയിലാരെയോ കാത്തിരുന്നു.
എണ്ണിയാൽ തീരില്ലത്.
എം.ജി.ശ്രീകുമാർ ആരായിരുന്നെന്ന് ചോദിച്ചാൽ കൃത്യമായൊരുത്തരവുമില്ല. ഈ ലേഖകന്റെ കൗമാരത്തെയും, യൗവനത്തെയും ഏറ്റവുമധികം ത്രസിപ്പിച്ച ഗായകശബ്ദം അയാളുടേതാണ്. ഏതൊക്കെ കുറ്റങ്ങൾ അക്കമിട്ടു നിരത്തുമ്പോഴും അയാൾ പാടി ഹിറ്റാക്കിയ പാട്ടുകളുടെ എണ്ണവും, ആ ശേഖരത്തിലെ വെഴ്സറ്റാലിറ്റിയുടെ ആഴവും ആ തലമുറയിൽ പെട്ട മറ്റു ഗായകർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തതാണ്. ശാസ്ത്രീയസംഗീതത്തിന്റെ അടിത്തറയിൽ പണിതുയർത്തിയ ഹിമഗിരിനിരകളും, പ്രണയത്തിന്റെ ചെമ്പകപ്പൂമണം പേറുന്ന വെള്ളിനിലാത്തുമ്പികളും,ഫാസ്റ്റ് നമ്പറുകളിലെ നിത്യഹരിതവസന്തങ്ങളിൽ ഒന്നായ വേൽമുരുകായും ഒക്കെ അയാൾക്ക് അത്രമേൽ സ്വകീയമായ മ്യൂസിക്കൽ എക്സ്പ്രഷനുകളാണ്.
മലയാളത്തിലെ മറ്റൊരു ഗായകനും അവകാശപ്പെടാനാവാത്തത്ര വെഴ്സറ്റൈലാണ് അയാളുടെ ഓഡിയോഗ്രഫി. എണ്ണിയാൽ തീരാത്തത്ര സുന്ദരമായ ഗാനങ്ങൾ സമ്മാനിച്ച,ഒരു തണുത്ത പ്രഭാതത്തെ ശബ്ദത്തിനാലോർമ്മിപ്പിക്കുന്ന ഏറ്റവും പ്രിയപ്പെട്ട ഗായകശബ്ദങ്ങൾക്കൊന്നിന്, പ്രിയപ്പെട്ട എം.ജി.ശ്രീകുമാറിന് ജന്മദിനാശംസകൾ…