മലയാള സിനിമയ്ക്ക് വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ പി.വേണു വിട പറഞ്ഞിട്ട് ഇന്ന് 12 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
വ്യത്യസ്തതകൾ കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകൻ പി വേണു ഓർമ്മയായിട്ട് 12 വർഷം. 32 ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം പ്രേംനസീറിനെ നായകനാക്കിയാണ് 16 ചിത്രങ്ങൾ ചെയ്തത്. ആദ്യ ചിത്രമായ ഉദ്യോഗസ്ഥയ്ക്ക് ശേഷം ‘ഉദ്യോഗസ്ഥ വേണു’ എന്ന പേരിൽ അറിയപ്പെട്ടു.
മലയാളത്തിലെ ആദ്യ മൾട്ടി സ്റ്റാർ ചിത്രം ഉദ്യോഗസ്ഥ, ആദ്യ ഡിറ്റക്ടീവ് ചിത്രം സിഐഡി നസീർ, മുഴുനീള കോമഡി ചിത്രം വിരുതൻ ശങ്കു തുടങ്ങിയ ബഹുതരം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വേണു ചെന്നൈയിൽ 2011 മെയ് 25 നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിലൂടെ:
1. ഉദ്യോഗസ്ഥ (1967).മുഖ്യതാരങ്ങൾ: സത്യൻ, നസീർ, മധു, ഉമ്മർ, ശാരദ, വിജയനിർമ്മല. കെജി സേതുനാഥിന്റെ കഥ. ജയചന്ദ്രന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ‘അനുരാഗഗാനം പോലെ’, ‘എഴുതിയതാരാണ്സുജാത’ (യൂസഫലി- ബാബുരാജ്) എന്നീ ഗാനങ്ങൾ ഈ ചിത്രത്തിലേതാണ്.
2. സിഐഡി നസീർ (1971). ജെയിംസ് ബോണ്ടിന്റെ മലയാള അവതാരം ‘സിഐഡി നസീർ’ മലയാളത്തിലെ ആദ്യ മുഴുനീള കുറ്റാന്വേഷണ ചിത്രമാണ്. പ്രേതബംഗ്ളാവ് കേന്ദ്രമാക്കി കള്ളക്കടത്ത് നടത്തുന്ന സംഘത്തെ അമർച്ച ചെയ്യാൻ വരുന്ന സിഐഡി ഉദ്യോഗസ്ഥനായി നസീർ എന്ന കഥാപാത്രം അവതരിപ്പിച്ചത് നസീർ. തിരക്കഥയും നിർമ്മാണവും സംവിധായകൻ പി.വേണു നിർവ്വഹിച്ചു. ഈ ചിത്രത്തിന് ഒരു വർഷം മുൻപേ വേണുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമാണ് ഡിറ്റക്ടീവ് 909 കേരളത്തിൽ. സംവിധായകന്റെ കഥയ്ക്ക് പിജെ ആന്റണി സംഭാഷണമെഴുതി.
3. ടാക്സികാർ (1972). ‘സിഐഡി നസീറി’ന്റെ തുടർച്ച. ശ്രീകുമാരൻതമ്പിയുടെ തിരക്കഥയും ഗാനങ്ങളും. ശ്രദ്ധേയ ഗാനം ‘താമരപ്പൂ നാണിച്ചു’ കെപി ബ്രഹ്മാനന്ദൻ പാടി. സംഗീതം ആർകെ ശേഖർ (എ ആർ റഹ്മാന്റെ പിതാവ്).
4. പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു (1999). ജഗതിയും ശ്രീനിവാസനും ആൾമാറാട്ടവും തട്ടുപ്പുകളും നടത്തി ഒടുവിൽ നന്നാവാൻ തീരുമാനിക്കുന്ന കഥ. ബെന്നി പി നായരമ്പലത്തിന്റെ കഥയ്ക്ക് ശ്രീനിവാസന്റെ തിരക്കഥ. സംവിധായകൻ തന്നെയായിരുന്നു നിർമ്മാണവും.
5. പരിണാമം (2004). വയസ്സായവരുടെ ജീവിതത്തിലെ ഏകാന്തതയും തിരസ്ക്കാരങ്ങളും വിഷയമായ ചിത്രം. ഒറ്റപ്പെടൽ മാനസികരോഗിയാക്കുന്ന വൃദ്ധനായി നെടുമുടി വേണു. മാടമ്പ് കുഞ്ഞുക്കുട്ടന്റെ രചന. എൻഎഫ്ഡിസിയാണ് നിർമ്മാണം. ചിത്രം രാജ്യാന്തര ഫെസ്റ്റിവലുകളിൽ പ്രവേശനം നേടി.