CrimeNEWS

ബൈഡനെ കൊല്ലാന്‍ വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി; നാസി പതാകയുമായി ഇന്ത്യന്‍ വംശജന്‍ പിടിയില്‍

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റുകയും പ്രസിഡന്റ് ജോ ബൈഡനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. 19 വയസുള്ള ഇന്ത്യന്‍ വംശജനാണ് അറസ്റ്റിലായത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വൈറ്റ് ഹൗസിനു മുന്നില്‍ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡുകളിലേയ്ക്ക് ഇയാള്‍ ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ചെസ്റ്റര്‍ഫീല്‍ഡ് സെന്റ് ലൂയിസ് സ്വദേശിയായ സായ് വര്‍ഷിത് കണ്ടുല എന്ന യുവാവാണ് പിടിയിലായത്.

യുഎസ് പൗരനായ കണ്ടുലയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നില്ലെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. വാഹനത്തില്‍ നിന്ന് ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ കണ്ടെടുത്തിട്ടില്ല. അതേസമയം, വാഹനത്തിനുള്ളില്‍ ഓണ്‍ലൈനായി വാങ്ങിയ നാസി പതാകയും ഡക്ട് ടേപ്പ് അടങ്ങിയ ഒരു ബാഗും കണ്ടെടുത്തിട്ടുണ്ട്. റോഡരികില്‍ നിര്‍ത്തിയ ശേഷം അതിവേഗത്തില്‍ മുന്നോട്ടു വന്ന വാഹനം സെക്യൂരിറ്റി പോസ്റ്റുകളില്‍ ഇടിച്ചുകയറുകയായിരുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രസിഡന്റ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും തലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Signature-ad

വിര്‍ജിനിയയില്‍ യു ഹോള്‍ എന്ന കമ്പനിയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ട്രക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. സായ് നാസികളുടെ ആരാധകനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആറുമാസം നീണ്ട പദ്ധതിക്ക് ഒടുവിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നും പ്രസിഡന്റിനെ വധിച്ച് രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശം എന്ന് ഇയാള്‍ വെളിപ്പെടുത്തിയെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.

ബാരിക്കേഡില്‍ ഇടിച്ചുകയറിയ വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ സായ് ചുവന്ന നാസി പതാക വീശുകയും ചെയ്‌തെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളുടെ ബാഗിലുണ്ടായിരുന്ന നോട്ട്ബുക്കില്‍ ചില കുറിപ്പുകളുമുണ്ട്. ഡേറ്റ അനലിറ്റിക്‌സ് തൊഴിലായി സ്വീകരിക്കാനാണ് താത്പര്യം എന്ന് കുറിച്ചിരിക്കുന്ന ബുക്കില്‍ സായ്ക്ക് ജാവ, പൈതണ്‍ കോഡിങ് അറിയാമെന്നും എഴുതിയിട്ടുണ്ട്.

Back to top button
error: