കോട്ടയം ശീമാട്ടിയിൽ സ്ത്രീകളുടെ ചേഞ്ചിങ് റൂമിൽ ഒളി ക്യാമറ, ക്യാമറ വച്ച ജീവനക്കാരനെ കയ്യോടെ പിടികൂടിയത് വനിതാ അഭിഭാഷക, ജീവനക്കാരന്റെ മൊബൈലിൽ 17 സ്ത്രീകൾ വസ്ത്രം മാറുന്ന വീഡിയോ, ശീമാട്ടിയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവം
കോട്ടയം നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന ശീമാട്ടി ഡീറ്റെയിൽസ് സ്ത്രീകളുടെ ചെയ്ഞ്ചിങ് റൂമിൽ ഒളിക്യാമറ. ശീമാട്ടിയുടെ തന്നെ ജീവനക്കാരനാണ് ഒളിക്യാമറ വെച്ചത്. അഭിഭാഷകയായ യുവതി വസ്ത്രം മാറുന്നതിനിടയിൽ തൊട്ടടുത്ത ചെയിഞ്ചിങ് റൂമിൽ നിന്ന് മൊബൈൽ ക്യാമറ കണ്ടതോട് കൂടിയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ ഇവർ കയ്യോടെ പൊക്കി.
പ്രതിയുടെ മൊബൈലിൽ നിന്ന് 17 സ്ത്രീകൾ വസ്ത്രം മാറുന്ന വീഡിയോ കണ്ടെടുത്തു എന്നാണ് വിവരം. ശീമാട്ടിയുടെ ജീവനക്കാരനായ നിധിൻകുമാറിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയായിരുന്നു സംഭവം. ശീമാട്ടിയിൽ വസ്ത്രം വാങ്ങാൻ വന്ന അഭിഭാഷക ചുരിദാർ വാങ്ങിയശേഷം ചെയ്ഞ്ചിംഗ് റൂമിൽ കയറി വസ്ത്രം മാറ്റി ധരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത റൂമിൽ നിന്ന് മൊബൈൽ കണ്ടത്. ഇവർ പുറത്തിറങ്ങി തൊട്ടടുത്ത റൂമിന്റെ വാതിലിൽ തട്ടി. എന്നാൽ ഉള്ളിൽ നിന്നും പൂട്ടിയ മുറി തുറക്കാൻ അതിനുള്ളിൽ ഉള്ള ആൾ ആദ്യം തയ്യാറായില്ല. അഭിഭാഷക ബഹളം വച്ചതോടെ യുവാവ് മുറി തുറന്ന് പുറത്തിറങ്ങി. ഇയാളുടെ മൊബൈൽ പിടിച്ചുവാങ്ങി അഭിഭാഷക പരിശോധിച്ചപ്പോഴാണ് പതിനേഴോളം സ്ത്രീകളുടെ വീഡിയോ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് ശീമാട്ടി മാനേജ്മെന്റിനോട് പരാതിപ്പെട്ടെങ്കിലും ചടുലമായ നടപടികളുണ്ടായില്ല എന്ന പരാതിയുണ്ട്. തുടർന്ന് അഭിഭാഷക ഭർത്താവിനെയും വെസ്റ്റ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.