Movie

ചരിത്രത്തിൽ ഇടംപിടിച്ച ‘ന്യൂസ്പേപ്പർ ബോയ്’ സ്ക്രീനിലെത്തിയിട്ട് ഇന്ന് 68 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയൻ

   മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചലച്ചിത്രമായ ‘ന്യൂസ്പേപ്പർ ബോയ്’ റിലീസ് ചെയ്തിട്ട് 68 വർഷം. സാമൂഹിക പ്രസക്തിയും ചരിത്രപരമായി സത്യസന്ധതയും താരങ്ങളല്ലാത്ത നടീനടന്മാർ ഉൾക്കൊള്ളുകയും ചെയ്യൂന്ന വ്യത്യസ്‌ത സിനിമയെന്ന നിലയ്ക്ക് ‘ന്യൂസ്പേപ്പർ ബോയ്’ മലയാള ചലച്ചിത്ര ചരിത്രത്തിന്റെ മറക്കാനാവാത്ത ഭാഗമാണ്. 1955 മെയ് 13ന് ഈ സിനിമ തീയേറ്ററുകളിലെത്തി. അദ്ധ്വാനത്തിലൂടെ ദാരിദ്ര്യമില്ലാത്ത നാളെയെ സൃഷ്‌ടിക്കുക എന്നതാണ് പ്രമേയം. പി രാംദാസ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘ന്യൂസ്പേപ്പർ ബോയി’യിൽ 6 കുട്ടികൾ അഭിനയിച്ചു.

Signature-ad

ശങ്കരൻ നായർ എന്ന പ്രസ്സ് തൊഴിലാളിക്കും (നാഗവള്ളി ആർ എസ് കുറുപ്പ്). ഭാര്യക്കും (നെയ്യാറ്റിൻകര കോമളം) മൂന്ന് മക്കൾ. ഭാര്യ അയലത്ത് വീട്ടുജോലിക്കു പോകുകയാണ്. അവരുടെ വാടകവീട്ടിൽ എന്നും ദാരിദ്ര്യമാണ്. ശങ്കരൻനായരുടെ കൈ പ്രസ്സിലെ മെഷീന്റെ ഇടയിൽ പെട്ടു. ജോലി നഷ്ടമായ അയാൾ ദുരിതമനുഭവിച്ച് മരിക്കുന്നു. മൂത്ത മകൻ അപ്പു (മോനി). മദ്രാസിന് പോയി. അവിടെ ഒരു സമ്പന്ന ഗൃഹത്തിൽ വീട്ടുവേലയ്ക്ക് നിന്നെങ്കിലും യജമാനത്തിയുടെ (അടൂർ പങ്കജം) ക്രൂരത അസഹനീയമായിരുന്നു. നാട്ടിൽ അമ്മയ്ക്ക് ക്ഷയരോഗമാണ്. അപ്പു നാട്ടിലെത്തും മുൻപേ അമ്മയും ലോകം വിട്ട് പോയി. അനുജനെയും അനിയത്തിയേയും പഠിപ്പിക്കാൻ അപ്പു പത്രവിതരണക്കാരനാകുന്നു.

12 ഗാനങ്ങളുണ്ടായിരുന്നു. ഗാനങ്ങൾ രചിച്ചത് കെസി പൂങ്കുന്നം (ഇദ്ദേഹത്തിന്റെ മകനാണ് ചലച്ചിത്ര പ്രവർത്തകൻ ഫേവർ ഫ്രാൻസിസ്). എ വിജയൻ, എ രാമചന്ദ്രൻ എന്നീ സഹോദരങ്ങൾ സംഗീതം നിർവ്വഹിച്ചു. കമുകറയും ശാന്ത പി നായരുമായിരുന്നു മുഖ്യഗായകർ.

ന്യൂസ്‌പേപ്പർ ബോയ് സംവിധാനം ചെയ്യുമ്പോൾ രാമദാസിന് 23 വയസ്സാണ്. സുഹൃത്തുക്കളായ പരമേശ്വരനും സുബ്രമഹ്ണ്യനും രാംദാസിനൊപ്പം നിർമ്മാണ പങ്കാളികളായി. അവരുടെ ആദർശ കലാമന്ദിർ എന്ന സംഘടനയാണ് നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. ചരിത്രത്തിൽ ഇടംപിടിച്ചെങ്കിലും സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. രാംദാസിനും പരമേശ്വരനും അവരുടെ പുരയിടങ്ങൾ പോലും വിൽക്കേണ്ടി വന്നു.

Back to top button
error: