കണ്ണൂർ: കടുത്ത വേനലില്‍ വരണ്ടുണങ്ങി കണ്ണൂര്‍.വേനൽമഴ കാര്യമായി ലഭിക്കാതെ വന്നതോടെ ജില്ലയിൽ പലയിടത്തും തെങ്ങുകളും കവുങ്ങുകളും ഉണങ്ങിക്കരിയുകയാണ്.വരള്‍ച്ചയിൽ ജലക്ഷാമം രൂക്ഷമായതോടെ കരിവെള്ളൂര്‍ പെരളം മാലാപ്പില്‍ ജനാർദ്ദനന്റെ നൂറോളം വരുന്ന കവുങ്ങുകളും തെങ്ങുകളുമാണ് ഉണങ്ങി നശിച്ചത്.
ജലക്ഷാമം നേരിട്ടതോടെ തെങ്ങില്‍ തോട്ടങ്ങളും കവുങ്ങിന് തോട്ടങ്ങളും നനയ്ക്കുന്നത് നിര്‍ത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇവ കൂട്ടത്തോടെ ഉണങ്ങി നശിച്ചതെന്ന് ജനാർദ്ദനൻ പറയുന്നു. കഴിഞ്ഞ വര്‍ഷം വരെ നല്ല ആദായം ലഭിച്ചിരുന്ന കൃഷിയിടമാണ്.
മുന്‍ കാലങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നത് കൊണ്ട് കാര്‍ഷിക മേഖലയ്ക്ക് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നില്ല.എന്നാല്‍ ഇത്തവണ സ്ഥിതി ഗുരുതരമാണ്.തെങ്ങിന്റെയും കവുങ്ങിന്റെയും ഓല ഉണങ്ങിത്തൂങ്ങുന്നതാണ് ആദ്യ ലക്ഷണം. ദിവസങ്ങള്‍ക്കുള്ളില്‍ മരത്തിന്റെ തലയടക്കം പൊട്ടി വീഴും.
മണ്ണിന്റെ ജൈവാംശം കുറയുന്നതും അന്തരീക്ഷത്തിലെ കടുത്ത ചൂടുമാണ് വിളകള്‍ ഉണങ്ങി നശിക്കാന്‍ കാരണം. ഇത്തവണത്തെ വേനല്‍ ഭാവിയിലെ കാര്‍ഷിക സമ്ബത്തിന്റെ ശോഷണത്തിനിടയാക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.