CrimeNEWS

ലഹരിയേ ജീവിതം; മദ്യപിച്ചു ലക്കുകെട്ടു കിടക്കുന്നതും പതിവ്

കൊല്ലം: ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ സന്ദീപ് മദ്യത്തിന് അടിമയായിരുന്നു എന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാര്‍ പറയുന്നു. എന്നാല്‍, മദ്യപിച്ച് വഴക്കുണ്ടാക്കുകയോ കേസുകളില്‍ പെടുകയോ ചെയ്തിട്ടില്ലെന്നും അറിയുന്നവര്‍ പറയുന്നു. മദ്യപിച്ചു ലക്കുകെട്ടു കിടക്കുമ്പോള്‍ കൂട്ടുകാരോ ബന്ധുക്കളോ വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. മദ്യാസക്തിയില്‍നിന്നു മുക്തനാകാന്‍ മുന്‍പ് ചികിത്സയ്ക്കു പോയിരുന്നുവത്രേ.

മദ്യപാനം അതിരു വിട്ടതോടെ ഭാര്യയും മക്കളും മാറിത്താമസിച്ചു. പന്ത്രണ്ടും എട്ടും വയസ്സുള്ള ആണ്‍മക്കളുണ്ട്. വിലങ്ങറ യുപി സ്‌കൂളിലെ അധ്യാപകനായ സന്ദീപ് സംരക്ഷിത അധ്യാപകനായി നെടുമ്പന യുപി സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു. അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ ആശുപത്രിയിലായതിനാല്‍ വീട് അടഞ്ഞുകിടക്കുകയാണ്. സഹോദരന്‍ കൊട്ടാരക്കരയിലാണു താമസം.

Signature-ad

നാട്ടില്‍ എവിടെയെങ്കിലും സംഘര്‍ഷം വല്ലതും നടന്നോയെന്നു ചൊവ്വാഴ്ച വൈകിട്ട് ഇയാള്‍ പലരോടും ചോദിച്ചിരുന്നു. പിന്നാലെ വീട്ടിലെ പശുവിനെ അഴിച്ചുവിട്ട ഇയാള്‍ പലയിടത്തും കറങ്ങിനടന്നു. പുലര്‍ച്ചെ 2.30ന് സമീപവാസി നെട്ടയം സ്‌കൂളിലെ പ്രധാന അധ്യാപകനായ ശ്രീകുമാറിന്റെ വീടിന്റെ സമീപത്തുള്ള റബര്‍ പുരയിടത്തിലെ വലിയ താഴ്ചയിലേക്ക് ചാടിയ സന്ദീപ് ആരോ കൊല്ലാന്‍ വരുന്നു എന്നുപറഞ്ഞു വിളിച്ചു കൂവി. ചാട്ടത്തില്‍ കാലിനു മുറിവേറ്റിരുന്നു. ശ്രീകുമാര്‍ അയല്‍വാസികളെയും പൊതുപ്രവര്‍ത്തകന്‍ ബിനുവിനെയും വിളിച്ചുവരുത്തി. അനുനയിപ്പിക്കാന്‍ നോക്കിയപ്പോഴും ആരോ കൊല്ലാന്‍ വരുന്നുവെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ഫോണെടുത്ത് പോലീസിനെ വിളിച്ചു.

അതേസമയം, സന്ദീപ് പ്രകോപിതനായതിന്റെ കാരണം അറിയാതെ അമ്പരക്കുകയാണ് നാട്. ആശുപത്രിയിലെത്തുമ്പോഴും കാലിലെ മുറിവില്‍ തയ്യലിടുമ്പോഴും ശാന്തനായിരുന്ന ഇയാള്‍ പെട്ടെന്നാണു രാജേന്ദ്രന്‍പിള്ളയെ ചവിട്ടിവീഴ്ത്തിയതും ബിനുവിനെ കുത്തിയതും. തടസ്സം പിടിക്കാന്‍ എത്തിയ മറ്റുള്ളവരെയും കുത്തി. ഒടുവില്‍ ഡോ. വന്ദനയെയും.

രാവിലെ 8.30നു ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴും ഇയാള്‍ അക്രമാസക്തനായി. ഇതോടെ പ്രതിയെ സ്‌ട്രെച്ചറില്‍ കിടത്തി കൈകള്‍ ബന്ധിച്ചാണു ചികിത്സ നടത്തിയത്. ഇതേനിലയിലാണു കൊട്ടാരക്കരയിലേക്കു കൊണ്ടുപോയതും. ജയിലിലേക്കു കൊണ്ടുപോയതും ബന്ധിച്ചനിലയിലാണ്.

Back to top button
error: