മതങ്ങൾ വിവാഹത്തെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. വിവാഹം സ്വർഗ്ഗത്തിൽ വച്ച് നടക്കുന്നുവെന്ന ചൊല്ലിന് അടിസ്ഥാനവും മറ്റൊന്നല്ല. എന്നാൽ, ഇങ്ങനെ നടക്കുന്ന ‘സ്വർഗ്ഗീയ വിവാഹ’ങ്ങൾക്ക് ശേഷമുള്ള ജീവിതം പലർക്കും അത്ര ആസ്വാദ്യമല്ല. പലപ്പോഴും സ്വരച്ചേർച്ച ഇല്ലാതെ രണ്ട് പേരും രണ്ട് വഴിക്ക് നീങ്ങുന്നു. അസ്വാസ്ഥ്യം വർദ്ധിക്കുന്നതോടെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാകും പിന്നെ. ഇത്തരത്തിൽ ബ്രസീൽ പൗരനായ റാഫേൽ ഡോസ് സാൻറോസ് ടോസ്റ്റ (22) തൻറെ ദുരന്തപൂർണ്ണമായ വൈവാഹിക ജീവിതം ഒടുവിൽ നിയമപരമായി അവസാനിപ്പിച്ചു.
വിവാഹമോചനം അനുവദിച്ച് കിട്ടിയതിന് പിന്നാലെ സ്വാതന്ത്ര്യം ആഘോഷിക്കാൻ റാഫേൽ തീരുമാനിച്ചു. അങ്ങനെയാണ് കഴിഞ്ഞ ഫെബ്രുവരി 11 -ാം തിയതി ബ്രസീലിലെ കാമ്പോ മാഗ്രോ എന്ന സ്ഥലത്തേക്ക് ബംഗി ജംമ്പിംഗിനായി റാഫേൽ എത്തിയത്. ഉയരത്തിൽ നിന്നും ശരീരത്തിൽ കയർ ബന്ധിച്ച് താഴേക്ക് ചാടുന്നതാണ് ബംഗി ജംമ്പിംഗ്. റാഫേൽ, ബംഗി ജംമ്പിംഗ് ചെയ്തെങ്കിലും കയർ പൊട്ടി 70 അടി താഴ്ചയിലേക്ക് വീണു. താഴെ നദിയായിരുന്നതിനാൽ അദ്ദേഹം വെള്ളത്തിലേക്കായിരുന്നു വീണത്. എന്നാൽ ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ അദ്ദേഹത്തിൻറെ കഴുത്തിന് കാര്യമായ ക്ഷതം സംഭവിച്ചു.
അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ മിലിട്ടറി പോലീസ് എയർ ഓപ്പറേഷൻസ് ബറ്റാലിയനിലെ ഒരു മെഡിക്കൽ സംഘം റാഫേലിനെ ഉടൻ തന്നെ ഹെലികോപ്റ്ററിൽ റോസിയോ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അടിയന്തര ശസ്ത്രക്രിയകൾക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ബ്രസീലിലെ അരൗക്കറിയ മേഖലയിലെ ഒരു ഫാക്ടറിയിൽ പ്രൊഡക്ഷൻ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന റാഫേലിന് അപകടത്തെ തുടർന്ന് ജോലി നഷ്ടമായി. എങ്കിലും താൻ ജീവിതത്തോട് നന്ദിയുള്ളവനാണെന്ന് റാഫേൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘അപകടത്തിന് ശേഷം ഉറക്ക പ്രശ്നങ്ങളുണ്ട്. പേടിസ്വപ്നങ്ങൾ കാണുന്നു.’ കാമ്പോ ലാർഗോയിൽ തീവ്രപരിചരണത്തിലുള്ള റാഫേൽ പറഞ്ഞതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.