KeralaNEWS

താനൂർ ബോട്ടപകടം: ഡ്രൈവർ ഇപ്പോഴും ഒളിവിൽ

മലപ്പുറം: താനൂരിൽ‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ഓടിച്ച ഡ്രൈവര്‍ ദിനേശനെ തേടി പോലീസ്.ഇയാൾ ഇപ്പോഴും ഒളിവിലാണ്.ഇയാളുടെ ഫോട്ടോ ഉൾപ്പെടെ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
വിനോദസഞ്ചാര ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ എം.എം.ഡി ലൈസൻസ് വേണമെന്നാണ് ചട്ടം.എന്നാൽ ഇയാൾക്ക് മത്സ്യബന്ധന ബോട്ട് ഓടിച്ചു മാത്രമേ പരിചയമുള്ളൂ എന്നാണ് വിവരം.
നിലവില്‍ ഒളിവില്‍ കഴിയുന്ന ദിനേശനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.ദിനേശന് പുറമേ ബോട്ടിലെ മറ്റ് രണ്ട് ജീവനക്കാരും ഒളിവിലാണ്.
ഞായറാഴ്ചയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചത്.അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റവര്‍ നിലവില്‍ താനൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. താനൂര്‍ സ്വദേശിയായ നാസറിന്റെ ഉടമസ്ഥതയിലുള്ള അറ്റ്‌ലാന്റിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് ഉടമയുടേയും ജീവനക്കാരുടേയും അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദ സഞ്ചാര ബോട്ടാക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെ ബോട്ട് ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: