ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത, മധു- ശ്രീവിദ്യ ചിത്രം ‘അമ്പലവിളക്ക്’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 43 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ശ്രീകുമാരൻ തമ്പിയുടെ ‘അമ്പലവിളക്കി’ന് 43 വർഷപ്പഴക്കം. വഴിയമ്പലത്തിലെ പഴയ കൽവിളക്കിലെ പ്രകാശം പോലെ കുടുംബത്തിന് വേണ്ടി ജീവിക്കാൻ മറന്നു പോയ വ്യക്തിയായി മധു വേഷമിട്ടു (ത്യാഗിയായ മണ്ടൻ എന്ന് മധുവിന്റെ കഥാപാത്രത്തെക്കുറിച്ചൊരു വിശേഷണമുണ്ട് ചിത്രത്തിൽ). ശാസ്താ പ്രൊഡക്ഷൻസിന്റെ സുബ്രമഹ്ണ്യം കുമാർ നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് 1980 മെയ് 9. തമ്പിയുടെ ഇമ്പഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ദക്ഷിണാമൂർത്തി സംഗീതം.
അച്ഛൻ മരിച്ചതിന് ശേഷം കുടുംബഭാരം ചുമലിലേറ്റിയ ഗോപി (മധു) അനിയന് (ശശി) ഡോക്ടറാവാൻ വേണ്ടി വീട് പണയപ്പെടുത്തി. അനിയത്തിയെ (ശോഭന) വിവാഹം കഴിപ്പിച്ചയച്ചു. തിരക്കിനിടയിൽ സ്വന്തം പ്രണയ സാഫല്യത്തിന് (ശ്രീവിദ്യ) സമയം ലഭിച്ചില്ല. അനിയൻ ഇതിനിടെ ഒരു പണച്ചാക്കിനെ (രൂപ) വിവാഹം കഴിച്ചു (സ്വർണ്ണക്കൂട്ടിലേയ്ക്ക് അവർ ഒരു തത്തയെ വാങ്ങി).
ഗോപിയുടെ വീട് ജപ്തിയിലായി. ദുരിതങ്ങൾ പോരാഞ്ഞ് ഗോപി കുടലിൽ കാൻസർ വന്ന് ആശുപത്രിയിലായി. ‘കാലമെന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ്’. എല്ലാ അർത്ഥത്തിലും ഇരുട്ടിലായ ഗോപിക്ക് വെളിച്ചമായി പഴയ കാമുകി (ശ്രീവിദ്യ) വന്നു.
‘പകൽസ്വപ്നത്തിൻ പവനുരുക്കും’ ‘മഞ്ഞപ്പട്ട് ഞൊറിഞ്ഞു ‘ എന്നീ ഗാനങ്ങൾ ഹിറ്റായി.’വരുമോ വീണ്ടും തൃക്കാർത്തികകൾ’ എന്നൊരു ശോകഗാനം കൂടിയുണ്ടായിരുന്നു ചിത്രത്തിൽ.
ബാലചന്ദ്രമേനോന്റെ ആദ്യചിത്രം ‘ഉത്രാടരാത്രി’യിൽ അഭിനയിച്ച നടൻ ശശിയാണ് മധുവിന്റെ അനുജനായി അഭിനയിച്ചത്.