Movie

ജയനും സുകുമാരനും ജ്യേഷ്ഠാനുജന്മാരായി അഭിനയിച്ച എ.ബി രാജിന്റെ ‘അഗ്നിശരം’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 42 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

എ ബി രാജ് നിർമ്മാണവും രചനയും സംവിധാനവും നിർവ്വഹിച്ച് ജയൻ നായകനായ ‘അഗ്നിശരം’ പ്രദർശനത്തിനെത്തിയിട്ട് 42 വർഷം. ജയന്റെ മരണശേഷം 1981 മെയ് 8 നായിരുന്നു റിലീസ്. ബാല്യത്തിൽ പരസ്പരം കാണാതെ വലുതാവുമ്പോൾ അവിചാരിതമായി കണ്ടുമുട്ടുന്ന സഹോദരങ്ങളായി ജയനും സുകുമാരനും വേഷമിട്ടു.

Signature-ad

പ്രതാപചന്ദ്രൻ ജ്യേഷ്ഠനും ജോസ്പ്രകാശ് അനുജനുമാണ്. ജ്യേഷ്ഠൻ മരിച്ചതോടെ സ്വത്ത് തട്ടിയെടുക്കാൻ ചേട്ടത്തിയെയും (കവിയൂർ പൊന്നമ്മ) മകനെയും (ജയൻ) കൊല ചെയ്യാനായിരുന്നു അനുജൻ ഗോപാലന്റെ പദ്ധതി. പക്ഷെ ചേട്ടത്തിയും മകനും ഓടി രക്ഷപെട്ടു. ഓട്ടത്തിനിടയിൽ അമ്മയും മകനും രണ്ടിടത്തായിപ്പോയി. ഗർഭിണിയായിരുന്ന ചേട്ടത്തി ഒരു കുഞ്ഞിനെ പ്രസവിച്ചു (സുകുമാരൻ). പിന്നീട് നടക്കുന്ന നാടകീയ രംഗങ്ങൾക്കിടയിൽ അമ്മയും സഹോദരങ്ങളും ആളറിയാതെ കണ്ടുമുട്ടുന്നുണ്ട്. വില്ലൻ ഗോപാലൻ സ്വന്തം ഭാര്യയെ കൊല്ലാൻ ശ്രമിച്ചയാളാണ്. ഭീഷണിയായ ജയനെ ജീവനോടെ കത്തിക്കാനായിരുന്നു ഗോപാലന്റെ ശ്രമം. അധർമ്മത്തിനെതിരെ ‘അഗ്നിശരം’ പോലെ ഉയർന്ന ജയൻ ജോസ്പ്രകാശിന്റെ കഥ കഴിച്ചതോടെ അയാളുടെ കാര്യത്തിലും തീരുമാനമായി.

ശ്രീകുമാരൻ തമ്പി- എംകെ അർജ്ജുനൻ ടീമിന്റെയായിരുന്നു ഗാനങ്ങൾ. ‘വിരുന്നു വന്നു സ്നേഹത്തിൻ പൂപ്പാലിക’ ഇമ്പമുള്ള ഗാനമാണ്. ‘പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു’ എന്ന ഗാനരംഗത്ത് ജയൻ-ജയഭാരതി, സുകുമാരൻ-റീന എന്നീ ജോഡികളാണ്. സംഗീത സഹായി ജോൺസൺ ആയിരുന്നു.

ജയൻ അന്തരിച്ച് കഴിഞ്ഞ് പത്തോളം ചിത്രങ്ങൾ റിലീസ് ചെയ്‌തു. പലതും ഹിറ്റായിരുന്നു. ജയൻ ‘കഴുകൻ’ നിർമ്മിച്ച് സംവിധാനം ചെയ്‌തതും എ.ബി രാജ് ആണ്.

Back to top button
error: