ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏത് ഫോം തെരഞ്ഞെടുക്കണമെന്ന് എങ്ങനെ അറിയും? ഓരോ ആദായനികുതി റിട്ടേൺ ഫോമിനൊപ്പം നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും നിങ്ങളുടെ വരുമാന സ്രോതസ്സുകൾ, റെസിഡൻഷ്യൽ സ്റ്റാറ്റസ്, മറ്റ് ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഉചിതമായ ഐടിആർ ഫോം തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല. റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, ആദായനികുതി വകുപ്പ് ഒരു വ്യക്തിഗത നികുതിദായകന് അവരുടെ വരുമാന തരവും മറ്റ് മാനദണ്ഡങ്ങളും അനുസരിച്ച് ഉപയോഗിക്കാവുന്ന വിവിധ ഫോമുകൾ പുറത്തിറക്കിയിട്ടുണ്ട്.
ഐടിആർ ഫയൽ ചെയ്യുന്നതിന് മുൻപ് ഫോമുകൾ കുറിച്ച് അറിയാം.
ഐടിആർ-1 സഹജ്
50 ലക്ഷം രൂപ വരെ മൊത്ത വരുമാനമുള്ള വ്യക്തികൾക്ക് ഈ ഫോം ഉപയോഗിക്കാം. ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ, ഭവന സ്വത്ത്, കാർഷിക വരുമാനം എന്നിവ 5,000 രൂപ വരെയുള്ളവർക്കും ഇതേ ഫോം ഉപയോഗിക്കാം.
ഐടിആർ-2
ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു ഹിന്ദു അവിഭക്ത കുടുംബത്തിന്റെ (HUF) ഉപയോഗത്തിനുള്ളതാണ് ഈ ഫോം. 50 ലക്ഷം രൂപയിൽ കൂടുതലാണ് ശമ്പള വരുമാനം എന്നുണ്ടെങ്കിലും ഈ ഫോം സമർപ്പിക്കണം. വ്യക്തിയുടെ കാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലാണെങ്കിൽ, മൂലധന നേട്ടത്തിൽ നിന്ന് വരുമാനം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, പെൻഷൻ വഴിയോ ശമ്പളം വഴിയോ വരുമാനം ഉണ്ടെങ്കിൽ, വസ്തുവിൽ നിന്ന് ലഭിക്കുന്ന വരുമാനമുണ്ടെങ്കിൽ, ലോട്ടറിയിൽ നിന്നോ കുതിരപ്പന്തയത്തിൽ നിന്നോ വരുമാനം ഉണ്ടെങ്കിൽ ഇതേ ഫോം ഫയൽ ചെയ്യണം.
ഐടിആർ 3
ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ രണ്ടു കോടി രൂപയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കുമുള്ളതാണ് ഈ ഫോം.
ഐടിആർ-4 സുഗം
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 44AD, സെക്ഷൻ 44ADA, സെക്ഷൻ 44AE എന്നിവ പ്രകാരം അനുമാന വരുമാന പദ്ധതിയും തെരഞ്ഞെടുത്തവർ ഈ ഫോം ഫയൽ ചെയ്യണം. തൊഴിലിൽ നിന്നോ ബിസിനസിൽ നിന്നോ വരുമാനമുള്ള പൗരൻമാർക്കും, കുടംബങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഈ ഫോം ഉപയോഗിക്കാം. എന്നാൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകൾക്ക് (LLPs) ഈ ഫോം തെരഞ്ഞെടുക്കാൻ കഴിയില്ല.
ഐടിആർ-5
ബിസിനസ് ട്രസ്റ്റുകൾ, നിക്ഷേപ ഫണ്ടുകൾ, എസ്റ്റേറ്റ് ഓഫ് ഇൻസോൾവന്റ്, എസ്റ്റേറ്റ് ഓഫ് ഡെഡ്, ആർട്ടിഫിഷ്യൽ ജുറിഡിക്കൽ പേഴ്സൺ (എ.ജെ.പി), ബോഡി ഓഫ് വ്യക്തികൾ (ബി.ഒ.ഐ), വ്യക്തികളുടെ അസോസിയേഷനുകൾ (എ.ഒ.പി), എൽ.എൽ.പികൾ, സ്ഥാപനങ്ങൾ എന്നിവ ഐടിആർ- 5 ഫോം തെരഞ്ഞെടുക്കണം.
ഐടിആർ-6
സെക്ഷൻ 11 പ്രകാരം ഇളവ് ക്ലെയിം ചെയ്യുന്ന കമ്പനികൾ ഒഴികെയുള്ള കമ്പനികൾക്ക് വേണ്ടിയുള്ളത്
ഐടിആർ-7
139(4A) അല്ലെങ്കിൽ 139(4B) അല്ലെങ്കിൽ 139(4C) അല്ലെങ്കിൽ 139(4D) എന്നിവ പ്രകാരം റിട്ടേൺ നൽകേണ്ട കമ്പനികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് മാത്രം