CrimeNEWS

മയക്കുമരുന്ന് കേസില്‍ നാലു യുവാക്കള്‍ 88 ദിവസം ജയിലില്‍; ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു…പരിശോധനാ ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ല!

മലപ്പുറം: മേലാറ്റൂരില്‍ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസില്‍ വഴിത്തിരിവ്. പിടിയിലായവര്‍ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസില്‍, കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ ലാബുകളില്‍ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇനി മൂന്നാമതൊരു ലാബില്‍ക്കൂടി പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പോലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പോലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരാണ് പിടിയിലായത്.

Signature-ad

പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചെങ്കിലും അതും നെഗറ്റീവായി. ഇതോടെ 4 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മൂന്നാം വട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് കൂടി അയക്കാനൊരുങ്ങുകയാണ് പോലീസ്.

ലഹരി മരുന്നു കേസില്‍ ജയിലിലായതോടെ നാലു പേര്‍ക്കും ജോലി നഷ്ടമായെന്ന് ഇവര്‍ പറയുന്നു. എംഡിഎംഎ കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. പ്രതി ചേര്‍ക്കപ്പെട്ട മച്ചിങ്ങല്‍ ഉബൈദുല്ലയുടെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തി.

”ഒരു ദിവസം ഞങ്ങള്‍ നാലു പേരും കൂടി റസ്റ്ററന്റിലേക്കു പോകുമ്പോഴാണ് പോലീസ് എത്തുന്നത്. അവര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. കുന്തിരിക്കം പോലെ വാസനയ്ക്കായി പുകയ്ക്കുന്ന സാധനം വണ്ടിയിലുണ്ടായിരുന്നു. അവര്‍ അത് എടുത്തു നോക്കിയിട്ട് ഇത് എംഡിഎംഎ അല്ലേയെന്നു ചോദിച്ചു. അല്ലെന്ന് എത്ര പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല. മുബഷിര്‍ ഗള്‍ഫില്‍നിന്നു വന്നപ്പോള്‍ അറബി സമ്മാനമായി കൊടുത്തതാണ്. അത് എംഡിഎംഎ ആണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയെന്ന് പറഞ്ഞായിരുന്നു പിന്നീട് ഉപദ്രവം” -യുവാക്കള്‍ പറയുന്നു.

 

 

 

 

 

 

Back to top button
error: